User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

സ്കാനിലൂടെ കടത്തി വിട്ട ശേഷം 
സ്വപ്ന വിശാരദൻ നിരീക്ഷിച്ചു.

നീലത്തിരകൾ ഇളകുന്ന ആയിരത്തൊന്നു ജല സ്തംഭങ്ങൾ 
താങ്ങി നിറുത്തുന്ന മേൽക്കൂരയിൽ 
കെട്ടിത്തൂക്കിയിട്ട ഒരു കറുത്ത സൂര്യൻ 
വെളിച്ചം കുടിക്കുന്നു.

കൈയിൽ നിന്നും ഒഴുകി പ്പോകുന്ന വിറകു കൊള്ളികൾ
പാത്രത്തിൽ കോരി എടുക്കുന്ന ഒട്ടകം.
ഭൂമധ്യ രേഖയിൽ സിന്ദൂരം ചാർത്തി 
മുടി  വടക്കും തെക്കുമായി കോതി ഒതുക്കി, 
ഡോളർ പേനുകളെ നുള്ളി 
വായിലിടുന്ന തടിച്ച സുന്ദരി.
ഓരോ മഴയിലും കുരുത്തു പൊന്തുന്ന 
ചെറിയ കണ്ണും മഞ്ഞ നിറവുമുള്ള കണ്ടൈനറുകൾ.
ഘടികാരത്തിൽ  മുങ്ങിച്ചാവുന്ന ഉറുമ്പുകൾ.

സ്പെസിമെൻറെ പുറത്തു വിശാരദൻ ഇങ്ങനെ കുറിച്ചിട്ടു 
"സമയമായി"
അനന്തരം ഘടികാരത്തിലേക്ക് ഇറങ്ങിപ്പോയി.