User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്നലെയും നീ പറയാതെ വന്നു 
എന്നും അങ്ങനെതന്നെയാണല്ലോ...
വരുമ്പോളും പോകുമ്പോഴും 
നീ പറയാറില്ലല്ലോ
അതുകൊണ്ട്;
ഇന്നു നമ്മുടെ കുട്ടിയ്ക്ക്
മുറ്റത്തിറങ്ങാതെ വീടിനുള്ളില്‍
തോണി ഇറക്കിക്കളിക്കാനായി!
ഇന്ന് നീ വന്നില്ല.

അല്ലെങ്കിലും വരുമ്പോഴും 
പോകുമ്പോഴും നീ പറയാറില്ലല്ലോ
നീ വരാത്തത് കൊണ്ട് ഇന്നവന്‍ 
പുഴയിലാണ്‌ തോണിയിറക്കിയത്
പക്ഷെ ഇന്നും നീ വന്നു!
അല്ലെങ്കിലും വരുമ്പോഴും 
പോകുമ്പോഴും നീ പറയാറില്ലല്ലോ
ഇന്ന് അവനും നിന്നെപ്പോലെ 
പറയാതെ പോയി
എങ്കിലും ഒന്നെനിക്കുണ്ട്‌ ഉറപ്പ് 
അവന്‍ നിന്നെപ്പോലെ അല്ല,
അവന്‍ മൂന്നാം പൊക്കം 
തീര്‍ച്ചയായും തിരിച്ചെത്തും.