User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

വാതിലിന് ഇരുപുറവും വല്ലാത്ത നിശബ്ദ്തയാണ്‌. 
ഒന്നു മരണത്തോടുള്ള ശത്രുതയും
മറ്റൊന്നു ജീവിതത്തോടുള്ള ആർത്തിയും. 
ഒരോ നിമിഷവും വിലപെട്ടതാണ്,
ഒരു ഉപ്പു തുള്ളിയോളം അളവിൽ പിഴച്ചാൽ- 
കടലോളം ശൂന്യതയാണ്‌. 

പുറത്തുള്ളവർ അനുഭവിക്കുന്നത്‌,

അപ്പുറത്തെ‌ സ്നേഹത്തിന്റെ നാഡീ ചലനങ്ങൾ ആണ്‌.
അകത്തുള്ളവർക്കു 
ഭൂതകാലത്തിലെ കണക്കെടുപ്പുകൾ-
ശ്വാസങ്ങളുടെ നിമ്‌നോന്നത ചലനം കൊണ്ടു ആവർത്തിച്ചെഴുതിയെടുക്കാനുള്ള വ്യഗ്രതയിലും.
ബാക്കിയായ പ്രണയത്തിന്റെ ഇരുട്ടെഴുത്തുകൾ .
കൊടുത്താലും തീരാത്ത ബാദ്ധ്യതകൾ.

ആവർത്തിച്ചെഴുതിയിട്ടും മാഞ്ഞുപോകുന്ന- 
കടമകളുടെ ചില്ലക്ഷരങ്ങൾ.
ആസക്തിയുടെ സൂര്യൻ എത്ര ഉദിച്ചിട്ടും, വെളിച്ചെപെടാത്ത ഹൃദയത്തിന്റെ പരിദേവനങ്ങൾ.
തിരിച്ചെടുക്കാനാവാത്ത പാഴ്‌വാക്കുകളുടെ ഓർത്തെടുക്കലുകൾ. 
നീണ്ട നാളത്തെ ശേഷിപ്പ്‌ കുറ്റബോധത്തിന്റെ ഗർത്തങ്ങൾ.

വീണ്ടുമൊരു പൊളിച്ചെഴുത്തിന്നു ,
സന്ധി ഭാഷണം മാത്രമാണ്‌ പോംവഴി,
എന്ന നിഗമനത്തിൽ എത്തിചേരുന്ന നിസ്സഹായതകൾ.
ഐ സി യു വെറുമൊരു ആതുരാലയ വരാന്തയല്ല, ജീവിതത്തിന്റെ അനിവാര്യമായ,
വായന മുറികൾ കൂടിയാണ്‌.