User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 


കാലു കയക്കുന്നടാ മകനേ... നടന്നു തളര്‍ന്നു അപ്പന്‍.
നടക്കൂ പതുക്കേ... നീ ചെറുപ്പം, ഇരുമ്പു കരിമ്പാക്കുന്ന  പ്രായം.

വാടിയ രക്തമൊഴുകുന്ന ഈ പഴങ്കൂടിന്റെ അലകും തട്ടും വേറിട്ടു പോയ്‌.
വിണ്ട ഉപ്പൂറ്റികളില്‍ പൊടിയുന്നു രക്തം.
പിന്നിട്ട പാതകളില്‍ യാതനയുടെ ചോരപ്പാടുകള്‍.
വേര്‍പ്പിന്റെയുപ്പു പുരണ്ടൊരു ജീവിതം  കിടക്കുന്നു പിന്നില്‍ മാറാലയും മൂടി. 
കല്ലിലും മുള്ളിലുമെത്ര നടന്നതാ പണ്ട്... തോറ്റു പോയിട്ടുണ്ട് കരിമ്പാറകള്‍.
വെയിലുമ്മ വെച്ചു കറുത്തു ദേഹം മണ്ണുമ്മ വെച്ചു തേഞ്ഞു പാദം
കാമിനിയായിരുന്നു അവള്‍ പ്രണയോപഹാരമായവള്‍ തന്ന അന്നം
മൂക്കുമുട്ടെ തിന്നു കൊഴുത്തു മക്കളഞ്ചാറെണ്ണം.
ചെളി പുരണ്ടു ചുളിഞ്ഞ ജീവിതം
വെയിലില്‍ വിയര്‍ത്തു വെന്ത കിനാക്കളോടൊപ്പം  
ജരാനരകളുടെ കൂട്ടിലടച്ചു കാലം...
ചിറകു മുളച്ചവര്‍ മുളച്ചവര്‍ നന്ദികേടിലേയ്ക്ക് പറന്നുയര്‍ന്നപ്പോള്‍
അവസാന സന്തതി,നീ മാത്രം കൂടെ നിന്നു.  
ഊറ്റി കഴിഞ്ഞിരിക്കുന്നു വിയര്‍പ്പിന്റെ അവസാന തുള്ളിയും.
നന്ദിയുണ്ട് മകനേ... നീയിറങ്ങിയില്ല. പകരം ഞാന്‍ .... 
അപ്പന്റെ നല്ലപ്പം കാലത്ത് കെറുവിച്ചൊരു പോക്കു പോയതാ ഓള്,
നിന്റെ അമ്മ; വരാത്ത പോക്ക് മനം നൊന്തു കാലിടറിയപ്പോള്‍
കുത്തിപ്പിടിച്ചിരുന്ന ഊന്നുവടി ഒളിപ്പിച്ചു വെച്ചു കോമാളി കാലം.
തനിച്ചായിരുന്നു പിന്നീട്... ഇനിയും   മകനേ..
കൂടെവന്നു കായം തളര്‍ത്തേണ്ടാ..
കുറച്ചൂടെ നടന്നാല്‍ കിട്ടും ബസ്സ്‌.
വയസ്സന്മാരെ കൂട്ടിയിട്ടേക്കണ പൊരേന്റെ അഡ്രസ്സ് താ....
ഉമ്മറക്കസേരയില്‍ ചടഞ്ഞിരുന്ന ചുമ ഓര്‍മ്മകളായി വന്നു കുത്താതിരിക്കട്ടേ...
മഞ്ഞിച്ച ഇലകൾ കൊണ്ട് മൂടി മുറ്റത്തെന്നെ മാത്രം കാത്തിരിക്കുന്ന
മാവിന്‍റെയും ഉമ്മറത്തിണ്ണയില്‍ വാലാട്ടി കിടക്കാറള്ള
പട്ടിയുടെയും ഓര്‍മ്മകളിലെ വിരുന്നുകാരനാകും ഞാന്‍.
ശൂന്യതയിലേയ്ക്കെറിഞ്ഞു കളിക്കാന്‍ നെടുവീര്‍പ്പുകളെമ്പാടും അപ്പന്നു കൂട്ടായുണ്ടല്ലോ...