User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

പുഴക്കരയിലെ കള്ളുഷാപ്പിനു പല പ്രത്യേകതകളും ഉണ്ടായിരുന്നു. ഒരു വശത്തു ജീവനുള്ള പുഴയും, മറു വശത്തു പുഴയിലേക്കൊഴുകി ഒന്നിക്കുന്ന ചെറിയ തോടും, മുന്നിലായി ഗ്രാമവീഥിയും തീർത്ത ത്രികോണത്തിന്റെ മധ്യത്തിൽ  ആയിരുന്നു സ്ഥാപനം. മനോഹരമായ പച്ചത്തുരുത്തിന്റെ വശങ്ങൾ കല്ലു കെട്ടിയിരുന്നു. പൂമരങ്ങൾ സമൃദ്ധമായിരുന്നു. അന്തിപ്പത്രത്തിൽ കണ്ട ചെറിയ ഒരു പരസ്യമായിരുന്നു ഡേവിഡിനെ അവിടേയ്ക്കു വലിച്ചിഴച്ചത്. അതിപ്രകാരം വായിക്കപ്പെട്ടു. 
"ചൂണ്ടയിടാം. കിട്ടുന്നതെന്തായാലും അത് ഞങ്ങൾ രുചികരമായി പൊള്ളിച്ചുതരും. പുഴക്കരയിലെ കള്ളുഷാപ്പിലേക്കു സ്വാഗതം"

വേനലിന്റെ ആരംഭം ആയിരുന്നതിനാൽ, പുറത്തെ ബഞ്ചുകളിൽ ആയിരുന്നു  ആളുകൾ കൂടൂതലും. ചെറിയ സുഹൃദ് സംഘങ്ങൾ, കമിതാക്കൾ, പിന്നെ ഡേവിഡിനെ പോലെ ഒറ്റ തിരിഞ്ഞ രണ്ടു മൂന്നു പേർ. ഷാപ്പിന്റെ ഉള്ളിൽ നിന്നും സംഗീതം ചെറിയ ശബ്ദത്തിൽ പുഴയിലേക്ക് ഒഴുകി വീണുകൊണ്ടിരുന്നു. അവ തീർത്ത ഓളങ്ങളിൽ വെള്ളി വയറുള്ള മത്സ്യങ്ങൾ നീന്തി ത്തുടിച്ചു. ഒരു കോപ്പ നിറയെ കള്ളുമായി പുഴയിലേക്കിറങ്ങുന്ന പടവുകളിൽ ഒന്നിൽ അയാൾ സ്ഥാനം പിടിച്ചു. ചൂണ്ട വെള്ളത്തിലേക്ക് ഏറിയും മുൻപ്, സന്ദർശകർക്കുള്ള അറിയിപ്പ് ഡേവിഡ് ഇപ്രകാരം വായിച്ചെടുത്തു, "ആഴമുണ്ട്. ദയവായി പുഴവെള്ളം കുടിച്ചു വറ്റിക്കരുത്."

ആദ്യ ദിവസം മൂന്നു കോപ്പ കള്ളു തീർന്നെങ്കിലും ചൂണ്ടയിൽ ഒന്നും കുടുങ്ങിയില്ല. ഇരുട്ടു വീണപ്പോൾ പണി മതിയാക്കി. 
"ആദ്യമായിട്ടാണ് അല്ലെ?"
വാക മരത്തിനു ചുവട്ടിലെ സിമിന്റു ബഞ്ചിൽ ഇരുന്ന വൃദ്ധൻ പരിചയപ്പെടാനായി ചോദിച്ചു.
"അതെ"

പില ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചില കാര്യങ്ങൾ കൂടി ഡേവിഡ് മനസ്സിലാക്കി. ഒറ്റയ്ക്ക് എത്തുന്നവരാണ് പലപ്പോഴും ചൂണ്ടയിടുന്നത്. വൃദ്ധൻ അവിടുത്തെ സ്ഥിരം സന്ദർശകനാണ്. അയാൾ സ്ഥിരമായി വാകച്ചോട്ടിൽ ഇരിക്കുന്നു. ചിലപ്പോൾ കള്ളുഷാപ്പിലെ നായയും അടുത്തുണ്ടാവും. ഷാപ്പിന്റെ മുകൾ നിലയിലെ മുറികൾ ദിവസ വാടകയ്ക്കു ലഭ്യമാണ്. എല്ലാം ഡബിൾ റൂമുകൾ. ഒറ്റയ്ക്ക് ചൂണ്ടയിടുന്ന ചിലർ ചില രാത്രികളിൽ അവിടെ തങ്ങാറുണ്ട്.

സൗഹൃദങ്ങൾ ഉണ്ടാകുന്നത് എങ്ങിനെ ആണെങ്കിലും, ഡേവിഡിനു വൃദ്ധൻ സുഹൃത്തായി മാറി. 
പ്രായത്തിന്റെ അന്തരം! 
ഓ... അതിൽ എന്തിരിക്കുന്നു?
അങ്ങിനെ ആണ് ഒരിക്കൽ വൃദ്ധൻ ഡേവിഡിനെ ഒരു രാത്രി ഷാപ്പിന്റെ മുകൾ നിലയിൽ കഴിയാൻ ക്ഷണിച്ചത്. 

ദിവസവും കള്ളു കോപ്പകൾ പലതും ഒഴിഞ്ഞെങ്കിലും, ഡേവിഡിന്റെ ചൂണ്ടയിൽ കാര്യമായി ഒന്നും തടഞ്ഞിരുന്നില്ല. പകരം ഷാപ്പിലെ ഫ്രീസറിൽ നിന്നും വരാലും, ആവോലിയും അണിഞ്ഞൊരുങ്ങി അയാൾക്കു  മുന്നിൽ എത്തി. ഒരിക്കൽ വൃദ്ധൻ പറഞ്ഞു - 
"തനിക്കു പറ്റിയ പണി അല്ല ഇത്."
എന്നിട്ടു രഹസ്യമായി പറഞ്ഞു - 
"തനിക്കു വേറൊരു പണി ഞാൻ പഠിപ്പിച്ചു തരാം. നല്ല മുന്തിയ ഉരുപ്പടി ആവും കുടുങ്ങുക."

അടുത്ത ദിവസം വൃദ്ധൻ ഡേവിഡിനെ പുഴയിൽ തോട് ഒന്നിക്കുന്ന മുനമ്പിലേക്കു കൂട്ടിക്കൊണ്ടു പോയി. പോകുമ്പോൾ അയാൾ പറഞ്ഞു, 
"കുറച്ചു ക്ഷമ വേണം."
ജല സംഗമത്തിന് അൽപ്പം മുകളിലായി കയത്തിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു. 
"ദേ, ഇവിടമാണ് പറ്റിയ ഇടം."
കൈയിൽ കരുതിയിരുന്ന പൊരി കുറച്ചു വെള്ളത്തിൽ വിതറിയ ശേഷം തുടർന്നു, 
"ആഴമുള്ള ഇടം. ഒഴുക്ക് കുറവും. വലിയ പുള്ളികളുടെയുടെ വാസസ്ഥലം. എന്നും കൃത്യമായ സമയത്തു ഇവർക്കു പൊരി കൊടുക്കണം. അത് നിങ്ങളെ ചങ്ങാതത്തിലാക്കും. അടുത്ത ഘട്ടത്തിൽ പൊരി കയ്യിൽ വച്ചു കൊടുക്കണം. ദേഹം ഇത്തിരി നനയും, അത് സാരമില്ല. വലിയ വലിയ മീനുകൾ നിന്റെ കൈയിൽ നിന്നും പൊരി കഴിക്കും. പിന്നുള്ളതു നിന്റെ മിടുക്കു പോലെ ഇരിക്കും." 
ഒരു കള്ളച്ചിരിയോടെ വൃദ്ധൻ ഡേവിഡിന്റെ വയറിൽ ഒന്നു കിള്ളി. 

പൊരി തേടി എത്തിയ ചെറു മീനുകൾക്കു പുറകെ സംശയത്തോടെ വലിയ മീനുകൾ എത്തി. ദിവസങ്ങൾ കൊണ്ട് ഡേവിഡ് മീനുകളുമായി ചങ്ങാതത്തിലായി. കള്ളു കോപ്പയ്ക്കരികിൽ അപ്പോഴും ഫ്രീസറിലെ മീനുകൾ ആയിരുന്നു ഡേവിഡിനായി എത്തിക്കൊണ്ടിരുന്നത്. മുട്ടോളം വെള്ളത്തിലേക്കിറങ്ങി നിന്ന ഡേവിഡിന്റെ കയ്യിൽ നിന്നും മീനുകൾ നിർഭയരായി പൊരി കഴിക്കുവാൻ തുടങ്ങിയപ്പോൾ അവനൊന്നു തീരുമാനിച്ചു. മുഴുത്ത പുഴ മീനുകൾ പൊള്ളിക്കുമ്പോൾ, പച്ചക്കുരുമുളകു അരച്ചു ചേർക്കാൻ പറയണം. കള്ളിനൊപ്പം അതാ രുചി. 

കയ്യിലെ പൊരി തീർന്നിട്ടും ചുറ്റിപ്പറ്റി നിന്ന മുഴുത്ത മീനുകളെ അവൻ നോക്കി. അവ തന്റെ കൈകളിൽ ദേഹം ഉരുമ്മി കടന്നു പോകുന്നു. അറിയാത്ത മട്ടിൽ വിരലുകൾ നീട്ടി അവയുടെ വെള്ളി വയറുകളിൽ അവൻ തഴുകി. അതു പുതിയൊരു തിരിച്ചറിവായിരുന്നു. മുഴുത്ത മീനുകൾ മയങ്ങി നിൽക്കുന്നു. അടി വയറ്റിലെ തലോടലിൽ സ്വയം മറന്നു നിന്ന മീനുകളുടെ കണ്ണിൽ കിനാവുകൾ ആയിരുന്നു. വഷളൻ വൃദ്ധൻ പറഞ്ഞപോലെ മിടുക്കു കാട്ടാനുള്ള സമയമായിരിക്കുന്നു. എങ്കിലും കോരിയെടുക്കാൻ ആഞ്ഞ ഡേവിഡ് ഒരു നിമിഷം അറച്ചു. പിന്നെ സപ്ത വർണ്ണങ്ങൾ തൂകിയ കിനാവിലേക്കവൻ ഒരു കുരുത്തക്കേടു ചെയ്യും പോലെ ഒന്നൊളിഞ്ഞു നോക്കി. അതിൽ പറന്നുയരുന്ന രാജ ഹംസങ്ങൾ ഉണ്ടായിരുന്നു, കാട്ടു പൊന്തകളിൽ പിണഞ്ഞുകിടന്ന സർപ്പങ്ങൾ ഉണ്ടായിരുന്നു, ഇണയുടെ കൊമ്പിൽ കണ്ണുരുമ്മുന്ന ഒരു പേടമാനും ഉണ്ടായിരുന്നു. 

അഴിച്ചെടുത്ത വസ്ത്രങ്ങൾ പിടഞ്ഞു വീഴുന്ന ഇരുട്ടിലേക്കവൻ വലിച്ചെറിഞ്ഞു. അനന്തരം സ്വപ്നത്തിലെ രാജഹംസമായി ഡേവിഡ് കയത്തിലേക്കു സാവധാനം നീന്തി.