User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

ഫ്ലാറ്റ് വൈറ്റ് എന്നുള്ള ബട്ടൺ അമർത്തിയാൽ, നല്ല കട്ടൻ കാപ്പി തരുന്ന ഒരു കോഫി മെഷീൻ ഞങ്ങൾക്കുണ്ടായിരുന്നു. ഒരു പക്ഷെ പശുക്കളെ പാൽ തരുന്ന യന്ത്രങ്ങളായി കരുതുന്ന ധവള വ്യവസായികളെ തോൽപ്പിക്കാൻ മെഷീൻ കണ്ടു പിടിച്ച മാർഗ്ഗമാകാം ഇതെന്ന് ഞങ്ങൾ സാധാരണക്കാർ വിശ്വസിച്ചു. പതിവുപോലെ ഞങ്ങൾ ഗൂഗിളിനോട്

സംശയം ഉണർത്തിച്ചു. വ്യാവസായിക അടിസ്ഥാനത്തിൽ നടത്തുന്ന ഫാമുകളിൽ മുട്ട ഇടുന്ന യന്ത്രങ്ങളും, മാംസം ഉത്പാദിപ്പിക്കുന്ന യന്ത്രങ്ങളും ഉണ്ടെന്നുള്ള അറിവു ഗൂഗിൾ ഞങ്ങൾക്കു പകർന്നു തന്നു. ഒപ്പം ഇങ്ങിനെ ഒരു വാചകം കൂടി സ്‌ക്രീനിൽ തെളിഞ്ഞു വന്നു. "സന്തോഷകരമായി ജീവിക്കുവാനുള്ള അവകാശം (ചില) മനുഷ്യർക്കു മാത്രമേ ഭൂമിയിൽ ലഭ്യമായിട്ടൊള്ളു."

ഒരിക്കൽ കോഫി മെഷീനിൽ പാലും കാപ്പിപ്പൊടിയും നിറയ്ക്കാൻ വന്ന അലി ഇങ്ങനെ റിപ്പോർട്ടു ചെയ്തു. "സാർ, നിറച്ചുവയ്ക്കുന്ന പാൽ എവിടെയോ അപ്രത്യക്ഷമാകുന്നു. പാൽ കടന്നു പോകുന്ന ട്യൂബുകളും വാൽവുകളും ഞാൻ പരിശോധിച്ചു. ഒന്നിനും ഒരു തകരാവും ഇല്ല." ഇതറിഞ്ഞ സീനിയർ മാനേജർ പാണ്ഡു രംഗ അയ്യർ അടുത്ത ദിവസം ഒരു പൂമാലയും കൊണ്ടാണ് ജോലിക്കെത്തിയത്. ഭക്തിയോടെ കോഫി മെഷീനിൽ മാല ചാർത്തി അദ്ദേഹം വളഞ്ഞു നിന്നു തൊഴുതു. അനന്തരം അതിൽ നിന്നും ഒരു ചുവന്ന പുഷ്പം എടുത്തു ചെവിക്കു മുകളിൽ തിരുകി.

ഇതൊരു കീഴ് വഴക്കം ആകുമെന്നും. ഭക്ത ജനങ്ങൾ തിങ്ങി കോറിഡോറിലെ ഗതാഗതം തടസ്സപ്പെടുമെന്നും ഭയപ്പെട്ട ഡയറക്ടർ, പാൽ കുടിക്കുന്ന കോഫി മെഷീൻ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അജണ്ട വളരെ രഹസ്യമായി നടപ്പിലാക്കുകയും ചെയ്തു. അങ്ങിനെ ഡൈനിങ് ഹാളിന്റെ കോണിൽ പുതിയ കോഫി മെഷീൻ തിങ്കളാഴ്ച രാവിലെ പ്രത്യക്ഷപ്പെട്ടു. പുതിയ മെഷീനിൽ പാലും, കാപ്പിപ്പൊടിയും പഞ്ചസാരയും നിറച്ച ശേഷം അലി 'ഫ്ലാറ്റ് വൈറ്റ്' ബട്ടൺ അമർത്തി കാത്തു നിന്നു. ഞങ്ങൾ സാധാരണക്കാരുടെ ആകാംഷയ്ക്കു വിരാമം ഇട്ടുകൊണ്ട് മെഷീന്റെ ഡിസ്‌പ്ലേയിൽ ഇങ്ങനെ ഒരു വാചകം തെളിഞ്ഞു വന്നു. "ഇന്നു ഹർത്താൽ, നാളെ വീണ്ടും ശ്രമിച്ചു നോക്കു."