User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

1971 - ലെ ഇന്ത്യ - പാക്കിസ്ഥാൻ യുദ്ധം ഇന്ത്യയെ എത്രത്തോളം ബാധിച്ചു എന്നൊരു കണക്കു ഇപ്പോൾ പറയാൻ വയ്യ. എന്നാൽ രാമൻകുട്ടിയെ സംബന്ധിച്ചു അത് വലിയ ഓർമകളുടെ ദിനങ്ങളാണ്. യുദ്ധാനന്തരം നാട്ടിലും വീട്ടിലും ഉണ്ടായിരുന്ന ദാരിദ്ര്യമാണ് പ്രധാന ഓർമകൾ. വളരെ അപൂർവമായി മാത്രം കണ്ടിരുന്ന ഒരു വസ്തുവായി പണം മാറി. നാട്ടിലെ അസ്ഥിരതയൊന്നും രാമൻകുട്ടിക്കു മനസിലായില്ല. ആകെ അറിയാമായിരുന്നത് അങ്ങകലെ വടക്കെവിടെയോ പാകിസ്ഥാന്റെ അതിർത്തിക്കടുത്തു ജോലി ചെയ്തുകൊണ്ടിരുന്ന അച്ഛനെയും, ആഴ്ചയിലൊരിക്കൽ അച്ഛന്റെ എഴുത്തുമായി വന്നിരുന്ന ശിപായിയെയും, മാസത്തിലൊരിക്കൽ ശിപായി കൊണ്ടുവരുന്ന മണിയോർഡറും നോക്കിയിരിക്കുന്ന അമ്മയേയുമാണ്‌.

യുദ്ധാനന്തരം ഓരോ മണിയോർഡറുകൾക്കുമിടയിലുള്ള അന്തരം കൂടുതലായതോർത്തു വിഷമിക്കുന്ന അമ്മയെ നോക്കി എന്തെങ്കിലും ആവശ്യങ്ങൾക്കുവേണ്ടി കൈനീട്ടാൻ രാമൻകുട്ടിക്ക് മടിയായിരുന്നു. ദാരിദ്ര്യത്തിന്റെ അളവ് അനുദിനം ഏറിവന്നപ്പോൾ അയൽക്കാർ തമ്മിൽ കൊടുക്കൽ വാങ്ങൽ പതിവായിരുന്നു. കൊറച്ചു ഉള്ളി, ഇച്ചിരി കടുക്, ഒരു കുഞ്ഞികുപ്പി വെളിച്ചെണ്ണ, ഇസ്തിരിപ്പെട്ടി, പാതാളക്കരണ്ടി, കൈക്കോട്ട്, കോടാലി എന്ന് വേണ്ട ഇടുന്ന വസ്ത്രങ്ങൾവരെ അങ്ങോട്ടും ഇങ്ങോട്ടും കടം കൊടുക്കാറുണ്ട്. പലപ്പോഴും പലതും തിരിച്ചു കിട്ടാറുമില്ല.

രാമൻകുട്ടിയുടെ വീടിനു മുൻപിലെത്തുമ്പോൾ ആളുകൾ ഒന്നുനിന്നു സമയമെത്രയായി എന്ന് ചോദിക്കുന്ന പതിവുണ്ടായിരുന്നു. സമയം പറയാൻ രാമൻകുട്ടിയോ സഹോദരിമാരോ മത്സരിച്ചു മുറ്റത്തുണ്ടാകും. ആകെക്കൂടെ ആ തെരുവിൽ അന്ന് രാമൻകുട്ടിയുടെ വീട്ടിൽ മാത്രമേ ഘടികാരം ഉണ്ടായിരുന്നുള്ളു. ആർക്കുമില്ലാത്ത ആ ക്ലോക്ക് ഒരിക്കൽ ലീവിന് വന്നപ്പോൾ താങ്ങിപിടിച്ചു കൊണ്ടുവന്ന അച്ഛനെയോർത്തു രാമൻകുട്ടിക്കു അഭിമാനം തോന്നി.

അങ്ങനെയിരിക്കെ ഒരു ദിവസം കാലിയായ വെളിച്ചെണ്ണ കുപ്പിയിൽ നോക്കി നെടുവീർപ്പിടുന്ന അമ്മയെകണ്ടെങ്കിലും രാമൻകുട്ടി കാണാതെ മാറിനടന്നു. കടം വാങ്ങാൻ പോകാനിനി രാമൻകുട്ടിക്കു വയ്യ. ഇതുവരെയുള്ള കാശു കൊടുക്കാണ്ട് ഇനി പലചരക്കു തരില്ലാന്നു പീടികക്കാരൻ കഴിഞ്ഞ തവണ പറഞ്ഞു വിട്ടതാണ്. ഇനി ആകെ ചോദിക്കാനുള്ളത് അയൽപക്കത്തെ മാപ്ലാരുടെ വീട്ടീന്നാണ്. മാപ്ലക്കാണെങ്കിൽ കടം ചോദിക്കാൻ വരുന്നോരെ കണ്ടാൽ ഭയങ്കര കലി ആണ്. മാത്രമല്ല നന്നായി ആട്ടിവിടുകയും ചെയ്യും. അതിനു പ്രായമൊന്നും വിഷയമല്ല.

അമ്മയുടെ തല്ലു പേടിച്ചു കുഞ്ഞികുപ്പിയുമെടുത്തു മാപ്ലാര് കാണാണ്ട് പിന്നാമ്പുറത്തൂടെ മാപ്ലിച്ചിയുടെ അടുത്തുപോയി വെളിച്ചെണ്ണയുമായി വന്നെങ്കിലും മാപ്ലിച്ചിയുടെ ശകാരവാക്കുകളൊന്നും അമ്മയോട് പറഞ്ഞില്ല. അമ്മയെ വിഷമിപ്പിക്കണ്ട എന്ന് രാമൻകുട്ടിക്കു തോന്നി. പക്ഷെ ഇതിനൊക്കെ ഒരു പ്രതികാരം എന്നെങ്കിലും ചെയ്യണമെന്ന് രാമൻകുട്ടിക്കു മനസ്സിലുണ്ടായിരുന്നു.

മാപ്ലാരുടെ പറമ്പിലെ ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന തൊലികയ്പ്പൻ മാവിൽനിന്നും താഴെവീഴുന്ന പഴുത്ത മാങ്ങകൾ പെറുക്കാനോടുന്ന മാപ്ലാരെയും മാപ്ലിച്ചിയെയും നോക്കി രാമൻകുട്ടി കൊതിയോടെ നിന്നിട്ടുണ്ട്. കിളികൊത്തിയ ഒരു മാങ്ങയെങ്കിലും തനിക്കു തരുമെന്ന് രാമൻകുട്ടി വിചാരിച്ചു. പക്ഷെ കിട്ടിയില്ല. ഊണും കഴിഞ്ഞു മാപ്ലാര് ഉച്ചയുറക്കത്തിന് കിടക്കുന്ന നേരംനോക്കി മാവിനോട് ചേർന്നുനിൽക്കുന്ന ഓലമേഞ്ഞ പുരയിലേക്കു രാമൻകുട്ടി എറിയുന്ന കല്ല് വന്നുവീഴുന്ന ശബ്‌ദം കേട്ട് മാപ്ലാര് ഉറക്കം കളഞ്ഞു മാങ്ങ പെറുക്കാൻ ഓടിവരും. മാങ്ങ കാണാതെ ഉറക്കം നഷ്ടപ്പെട്ട് മാപ്ലാര് ഇളിമ്പ്യനായി തിരിച്ചുപോകുന്നത് കാണുമ്പോൾ രാമൻകുട്ടിയുടെ പ്രതികാരവും തീരും.

കുഞ്ഞികുപ്പിയിൽ വെളിച്ചെണ്ണയാക്കി, കൊണ്ടുകൊടുക്കെടാ എന്ന് 'അമ്മ പറഞ്ഞപ്പോൾ, കടം വാങ്ങാൻ പോയപോലെയുള്ള നാണക്കേട് രാമൻകുട്ടിക്കു ഉണ്ടായില്ല. കളയാണ്ട് കൊണ്ടുപോണം എന്നുള്ള അമ്മയുടെ താക്കീതാണ് മനസ്സിൽ. പിന്നെ മാപ്ലാര് കാണാനും പാടില്ല. പക്ഷെ പടിയിറങ്ങുമ്പോൾ മനസ്സൊന്നു പതറി, പടിതെറ്റി വീഴാൻപോയി. വീണില്ലെങ്കിലും കുപ്പിയിലെ പാതി എണ്ണ താഴെപ്പോയി. തിരിച്ചു ചെന്നാൽ അമ്മയുടെ അടി ഉറപ്പാണ്. പാതി കുപ്പിയും കൊണ്ടു ചെന്നാൽ മാപ്ലിച്ചിയുടെ ചീത്തവിളി. തിരിച്ചു വീട്ടിൽക്കയറി എണ്ണയോ വെള്ളമോ നിറക്കാമെന്നുവെച്ചാൽ 'അമ്മ കാണും.

രാമൻകുട്ടിക്കു ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടണില്ല. എന്തുചെയ്യും? അവസാനം രാമൻകുട്ടിയൊരു പരിഹാരം കണ്ടു. ഉണ്ണിമൂത്രം പുണ്യാഹം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വേറെ വഴിയില്ല. നിറഞ്ഞുതുളുമ്പുന്ന കുപ്പി മാപ്ലിച്ചിക്കു തിരികെ കൊടുക്കുന്നതിനു മുൻപ് നനഞ്ഞ കൈ ട്രൗസറിൽ തുടയ്ക്കാൻ മാത്രം രാമൻകുട്ടിക്കു ബുദ്ധിയുണ്ടായിരുന്നു.

എന്താടാ വെളിച്ചെണ്ണക്കിത്ര പത എന്ന ചോദ്യം കേട്ട് രാമൻകുട്ടി ആദ്യമൊന്നു വിരണ്ടു. നീയിതില് വെള്ളമൊഴിച്ചോ? മാപ്ളിച്ചി വിടുന്ന ലക്ഷണമില്ല. ഏയ് , 'അമ്മ വെല്യ പത്രത്തീന്നു പകർത്തിയപ്പോ പത വന്നതാ. പൂർണമായും ബോധ്യം വന്നില്ലെങ്കിലും ഒന്നിരുത്തി മൂളിട്ട് മാപ്ളിച്ചി കുപ്പിയുമായി അകത്തോട്ടുപോയി. തൊലികയ്പൻ മാവിന്റെ മുകളിലിരുന്നൊരു കാക്ക ഞാനെല്ലാം കാണുന്നുണ്ട് എന്ന് കരഞ്ഞറിയിച്ചു. കാക്കയെങ്ങാനും ഒരു മാങ്ങ കൊത്തി താഴെയിടുമോ എന്ന് പ്രതിഷിച്ചു രാമൻകുട്ടി വരാന്തയിൽ കിടന്നു മയങ്ങുന്ന മാപ്ലാരെ നോക്കിനിന്നു.