User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

പതിവുപോലെ അയാൾ അവിടെ ഉണ്ടായിരുന്നു. ഗ്രാമത്തിലെ കവലയിൽ, രണ്ടു പീടികളുടെ ഇടയിലുള്ള ഒഴിഞ്ഞ തിണ്ണയിൽ. വല്ലപ്പോഴും അതുവഴിപോകുന്ന വാഹനങ്ങളെയും, അതിലുള്ള യാത്രക്കാരെയും പതിവുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അതിൽ മാത്രമേ പതിവു തെറ്റിച്ചുകൊണ്ട് ആരെങ്കിലും അവിടെ എത്തുകയുണ്ടായിരുന്നൊള്ളു. അതല്ലാതെ മറ്റൊരു കൗതുകം കവലയിലെ പതിവുകാർക്കു പൊതുവെ ഉണ്ടായിരുന്നില്ല.

അയാളുടെ പതിവു സുഹൃത്തുക്കൾ പീടികത്തിണ്ണയിൽ ഉണ്ടായിരുന്നുവെങ്കിലും പതിവു പോലെ അവർ സംസാരിക്കുകയോ, നിർദ്ദോഷ ഫലിതങ്ങൾ പറയുകയോ ചെയ്തിരുന്നില്ല. കുറെ കഴിഞ്ഞപ്പോൾ ഓരോരുത്തരായി കൊഴിഞ്ഞു പോവുകയും ചെയ്തു. അപ്പോഴും അയാൾ മാത്രം അവിടെ...

വൈകിട്ടത്തെ ചരിഞ്ഞു വീഴുന്ന നിഴലിൽ ചവിട്ടി നിന്നുകൊണ്ട് ചോദിച്ചു.
"എന്താ ഇവിടെ?"

അയാൾ പറഞ്ഞു.
"ഇവിടൊക്കെത്തന്നെ ആയിരുന്നല്ലോ എന്നും. പോകാൻ മനസ്സു വരുന്നില്ല." കുറെ നേരം വീട്ടിലും, തൊടിയിലും ആയി ചുറ്റിക്കറങ്ങി. അവിടെ ദുഃഖത്തിൽ പങ്കെടുക്കാൻ വന്നവരെക്കൊണ്ടു പൊറുതിമുട്ടി."

"ഇവിടാകുമ്പോൾ കൂട്ടുകാർ പറയുന്ന വിശേഷവും കേട്ടിരിക്കാമല്ലോ എന്നു കരുതി. ഫലമുണ്ടായില്ല. അവരുടെ ഉത്സാഹം തിരികെ വരാൻ ഇനിയും ദിവസങ്ങൾ എടുക്കും."

"മകൻ?"
"അവൻ ഇനിയും വന്നിട്ടില്ല. അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽത്തന്നെ വരുമോ? അത്രയ്ക്കു ഞാൻ ദ്രോഹിച്ചിട്ടുണ്ട്. എന്നിൽ നിന്നും ഓടി അകന്നതാണ്. രക്ഷപ്പെട്ടതാണ് പാവം..."

"എന്താ ഇപ്പൊ ഇങ്ങനൊക്കെ ചന്തിക്കുന്നതു?"
"ഇപ്പോഴാണു എല്ലാം മനസ്സിലായി വരുന്നത്. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നില്ലേ!"

"വീട്ടിലെക്കാര്യം?"
"അറിയില്ല. രണ്ടു മൂന്നു ദിവസം കരണ്ടു ബിൽ അടയ്ക്കാഞ്ഞതിനെപ്പറ്റിയും, വാഴക്കുല വെട്ടാൻ വൈകുന്നതിനെപ്പറ്റിയും ഒക്കെ ഓർത്തു വിഷമിച്ചു. ഓണത്തിനു വെട്ടി വിൽക്കാൻ പാകത്തിനു കൃഷി ചെയ്തതാണ്‌. ഒന്നും നടക്കുന്നില്ല."

"ഇനി എന്താണ്?"
"പോകാൻ വൈകുന്നു. പോകാതെ തരമില്ലല്ലോ... അവൻ വരുമെന്നു തോന്നുന്നില്ല. ഉം..."

അനന്തരം അയാൾ ചാഞ്ഞു വീഴുന്ന പോക്കുവെയിലിലുടെ കാറ്റിൽ പിടിച്ചു എവിടെയോ മറഞ്ഞു.