User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

തൊണ്ണൂറ്റി രണ്ടു കിലോ ഭാരമുള്ള ഒരുപാടു പേർ ഈ ഭൂമിയിലുണ്ട്; അതും പുരുഷന്മാർ; അതും മുപ്പതു കഴിഞ്ഞവർ. പിന്നെ എനിക്കെന്താണു പ്രത്യേകത എന്നു നിങ്ങൾ ചോദിക്കും. അതേ, അഞ്ചടി നാലിഞ്ചു ഉയരമുള്ള എനിക്കിതു ഭൂഷണമല്ല; ആരോഗ്യകരമല്ല. ഈ തൊണ്ണൂറ്റി രണ്ടു കിലോയുമായി underground train ൽ തിരക്കു സമയങ്ങളിൽ പതിവായി യാത്ര ചെയ്യുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ല. കാലിൽ ഉരുമ്മി സ്നേഹിക്കുന്ന എന്റെ മാർജ്ജാര കുമാരിയെ  ഒന്നെടുത്തു താലോലിക്കാൻ കൂടി പ്രയാസം.

ഒടുവിൽ ഞാനതു നടപ്പാക്കി. എന്ത്?. നടപ്പു തന്നെ. പതിവായി ഇറങ്ങാറുള്ള station നു മുൻപുള്ള station ൽ ഇറങ്ങി രണ്ടു മൈൽ നടന്നു ജോലി സ്ഥലത്തെത്തുക. വൈകിട്ടു തിരിച്ചും അവിടേക്കു നടക്കുക. ഇതു പതിവാക്കി. അന്നൊരു വൈകുന്നേരം പതിവു പോലെ നടന്നു പോകവേ മേൽപ്പാലം കഴിഞ്ഞപ്പോൾ പൊടുന്നനെ എന്നെ ഒരാൾ തടഞ്ഞു നിറുത്തി. മുടിയും, താടിയും നീട്ടി വളർത്തി, മുഷിഞ്ഞ വേഷം ധരിച്ച ഒരാൾ. കയ്യിലിരുന്ന  പൊതി ബലമായി എന്നെ ഏൽപ്പിച്ചിട്ടു പറഞ്ഞു. "തന്നെ എവിടൊക്കെ അന്വേഷിച്ചു. ഇതു തനിക്കുള്ളതാണ്. ഒരുപാടു സംസാരിച്ചു നിൽക്കാൻ നേരമില്ല. എനിക്കു പോയേ തീരു." എന്തെങ്കിലും ചോദിച്ചു തുടങ്ങിയപ്പോളേക്കും അയാൾ നിഴലുകളിൽ അലിഞ്ഞു ചേർന്നിരുന്നു. സത്യത്തിൽ ഞാൻ അൽപ്പം പരിഭ്രമത്തിലായിരുന്നു. പെട്ടെന്നു തന്നെ കയ്യിലിരുന്ന പോതിയിലേക്കെന്റെ ശ്രദ്ധ തിരിഞ്ഞു. പഴയ ഒരു പത്രത്തിനുള്ളിൽ അതിലും പഴക്കമുള്ള ഒരു പുസ്തകം. അപ്പോളോ പതിനൊന്നു ചന്ദ്രനിൽ ഇറങ്ങിയതിന്റെ ചിത്രം പത്രത്തിൽ ഉള്ളതു പെട്ടെന്നു തിരിച്ചറിഞ്ഞു. പുസ്തകത്തിന്റെ താളുകൾ നിറം കെട്ടും, മൂലകൾ ചുരുണ്ടും ഇരുന്നു. സൂക്ഷ്മ നിരീക്ഷണത്തിനു മുതിരാതെ പൊതി അതേ പടി backpack ൽ പൂഴ്ത്തി വേഗം നടന്നു തുടങ്ങി.

നാം ജീവിക്കുന്നത് ആർക്കു വേണ്ടിയാണ്? ശമ്പളം തരുന്ന ആൾക്ക് വേണ്ടി. അതുകൊണ്ടു തന്നെ  ഞാൻ പുസ്തകത്തിന്റെ കാര്യം മറന്നു. backpack ൽ അതു രണ്ടാഴ്ചയോളം സുഖ നിദ്രയിൽ ആയിരുന്നു. ശമ്പള ദിനമാണല്ലോ ഒരു 'അദ്ധ്വാനി' യുടെ സന്തോഷ ദിനം! രാവിലെ backpack എടുത്തപ്പോൾ നല്ല ഭാരം തോന്നി. വിചിത്രമെന്നു പറയട്ടെ, പുസ്തകത്തിനു ഭാരം വച്ചിരിക്കുന്നു. അതു മാത്രമല്ല; ഈ ഭാര വർദ്ധനവു തുടർന്നു കൊണ്ടും ഇരുന്നു. എങ്കിലും ചുമക്കാൻ പ്രയാസമാകും വരെ ഉള്ളടക്കം എന്തെന്നറിയാൻ ഞാൻ മിനക്കെട്ടില്ല. വായിച്ചു തുടങ്ങിയപ്പോൾ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നിപ്പോയി; ഈ നിധി കയ്യിൽ കിട്ടിയിട്ടും കഴുതയെപ്പോലെ വെറുതെ ചുമന്നതിന്.  പക്ഷെ നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നതു മറ്റൊന്നാണ് - പുസ്തകത്തിന്റെ ഭാരം.  Yes,  അത് കുറഞ്ഞു, പുസ്തകത്തിന്റെ മാത്രമല്ല, എന്റെയും. കാരണം പുസ്തകത്തിൽ അതിനുള്ള വഴിയും ഉണ്ടായിരുന്നല്ലോ. എന്നാൽ വായിച്ചു കഴിഞ്ഞ താളുകൾ അത് സമ്മാനിച്ച അപരിചിതനെ പ്പോലെ നിഴലുകളിൽ അലിഞ്ഞു ചേർന്നു കൊണ്ടേയിരുന്നു. അക്കാരണത്താൽ അവസാന താൾ ഞാൻ വായിക്കാതെ മാറ്റിവച്ചു. അതെങ്കിലും എനിക്കു സൂക്ഷിക്കണമായിരുന്നു. പക്ഷെ പരിണാമ ഗുപ്തിയായി അതിൽ എന്താണുള്ളത്? നിങ്ങൾ തന്നെ പറയു - ഞാൻ എന്താണ് ചെയ്യേണ്ടത്? വായിച്ചു പുസ്തകം ഇല്ലായ്മ ചെയ്യണോ, വായിക്കാതെ ആകാംഷയുടെ മുൾ മുനയിൽ നിൽക്കണോ?