User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

ഇന്നയാൾ കാണാൻ വന്നിരുന്നു, ഒരു മുന്നറിയിപ്പും ഇല്ലാതെ...

കൈയിൽ ഇരുന്ന പൂക്കൾ നീട്ടിക്കൊണ്ടു സ്വയം പരിചയപ്പെടുത്തി. "3247, ഈസ്റ്റേൺ ബ്ലോക്ക്. ഓർക്കുന്നുണ്ടായിരിക്കും എന്നു വിശ്വസിക്കുന്നു." 

വർഷങ്ങൾ കുറച്ചു കഴിഞ്ഞു പോയി എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ. ജയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന കാലം. ഡോക്ടർ ആഴ്ചയിൽ ഒരു ദിവസം മാത്രമേ സന്ദർശിക്കുമായിരുന്നൊള്ളു. പിന്നീടുള്ള ദിവസങ്ങളിൽ തടവുകാരുടെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, രേഖകൾ സൂക്ഷിക്കുക തുടങ്ങിയ പണികളുമായി കഴിയുന്ന കാലം.

ജയിൽ - അക്കങ്ങളായി ജീവിക്കുന്നവരുടെ ലോകമാണ് അത്. തുടക്കത്തിൽ അല്പം ഭയമായിരുന്നു, ജയിൽ പുള്ളികളുമായുള്ള ഇടപെടൽ. പിന്നീടു മനസ്സിലായി തുടങ്ങി ഓരോ അക്കങ്ങൾക്കു പിന്നിലും ഓരോ ജീവിതമുണ്ടെന്ന്. കുറ്റവാളികളായി ജനിക്കുന്നവർ ഒരുപക്ഷെ ഉണ്ടാകാം. ഒരു ജന്മ വൈകല്യം പോലെ, വഷളൻ ജീനുകളുമായി ജനിക്കുന്നവർ. ബാക്കി എല്ലാവരും ജീവിത സാഹചര്യങ്ങളിൽ കുറ്റവാളികൾ ആയിപ്പോയവരാണ്. അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പുരുഷന്മാർ തന്നെ ആയിരുന്നു ആധിപത്യം. കടുത്ത കുറ്റങ്ങൾ ചെയ്തവരും പുരുഷന്മാർ തന്നെ ആയിരുന്നു.

നടപടികൾ പ്രകാരം ആരോഗ്യ പ്രശ്നമുള്ളവർ ടെലിഫോണിൽ നഴ്സുമായി സംസാരിക്കും. അത്യാവശ്യമുള്ളവരോടു മാത്രം ജയിലിലെ ക്ലിനിക്കിൽ എത്താൻ ആവശ്യപ്പെടും.  3247 എന്നാണ് ക്ലിനിക്കിൽ ആദ്യമായി എത്തിയത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഓർക്കാനായി എന്തെങ്കിലും ആ സന്ദർശനത്തിൽ ഉണ്ടാവില്ല. 3247 ഓർമയിൽ സ്ഥിരവാസം തുടങ്ങിയതു പിന്നീട് തുടർച്ചയായി ഉണ്ടായിട്ടുള്ള ടെലിഫോൺ സംഭാഷണങ്ങളിലൂടെ ആയിരുന്നു. രണ്ടാഴ്ച കൂടുമ്പോൾ അയാൾ വിളിച്ചിരിക്കും. ഒരിക്കൽ ശ്വാസം മുട്ടൽ ആണെങ്കിൽ അടുത്ത തവണ നെഞ്ചെരിച്ചിൽ ആയിരിക്കും. മറ്റൊരു തവണ തല വേദന ആയിരിക്കും. അങ്ങിനെ എന്തെകിലും. എന്നാൽ ഗുരുതരമായ പ്രശ്നങ്ങൾ അയാൾക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

ആരോഗ്യ പ്രശ്നവുമായി വരുന്നവരുടെ മറ്റു കാര്യങ്ങൾ അറിയാൻ യാതൊരു സാഹചര്യവും അവിടെ ഇല്ലായിരുന്നു എങ്കിലും ചിലർ അതു സ്വയം വെളിവാക്കുമായിരുന്നു. താൻ എന്തു കൊണ്ടു കുറ്റം ചെയ്യേണ്ടി വന്നു എന്നും, എത്ര കാലമായി അവിടെ ഉണ്ട് എന്നും മറ്റും. ഞാൻ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഒരു നേഴ്സ് ആയ ഞാൻ ഇതൊക്കെ അറിയുന്നത്. 3247 പലതും പറഞ്ഞിരുന്നു. അയാൾ ഏകാന്ത തടവിൽ ആണെന്നും, ഭാര്യയും കുട്ടികളും ഉണ്ടെന്നും ഒക്കെ.

ഭൂതകാലത്തിലേക്കുള്ള എന്റെ യാത്രയ്ക്കു വിരാമം ഇട്ടുകൊണ്ട് അയാൾ ചോദിച്ചു. "എന്നെ ഓർക്കുന്നില്ലേ?"

പൂക്കൾ വാങ്ങിയ ശേഷം ഞാൻ മറുപടിച്ചു "ഉവ്വ്, നിങ്ങളുടെ ശബ്ദം പോലും എനിക്ക് തിരിച്ചറിയാൻ കഴിയും"

അയാൾ മന്ദഹസിച്ചു. "ഒരു നന്ദി പറയാൻ വന്നതാണ്, ഒപ്പം ഒരു ക്ഷമാപണവും..."

"കഴിഞ്ഞ  ആഴ്ച ഞാൻ പുറത്തു വന്നു. ഏറെ അന്വേഷിച്ചു നിങ്ങളെപ്പറ്റി അറിയാൻ. സത്യത്തിൽ ഞാൻ നിങ്ങളെ കുറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എനിക്ക് പ്രത്യേകിച്ചു അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു. എങ്കിലും അങ്ങിനെ ഉണ്ടെന്നു ഭാവിച്ചതു നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമായിരുന്നു. ഏകാന്തമായ തടവിൽ, ആരെയും കാണാതെ, ആരോടും മിണ്ടാതെ കഴിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് എനിക്ക്. ഓരോ വീർപ്പുമുട്ടലിന്റെയും അവസാനം ഞാനൊരു കള്ളം കണ്ടു പിടിച്ചിരുന്നു. നിങ്ങളോടു സംസാരിക്കാൻ മാത്രം. ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും അതു നിങ്ങളുടെ ശബ്ദമാണെന്നു. ആ ശബ്ദമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. നിങ്ങൾ അവിടെ നിന്നും  പിരിഞ്ഞു പോയ ശേഷം ഞാൻ വളരെ ബുദ്ധിമുട്ടിലായിരുന്നു. പുതിയതായി വന്ന ആൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. പിന്നെ ഇറങ്ങിക്കഴിഞ്ഞാൽ നിങ്ങളെ കാണെണമെന്ന പ്രതീക്ഷയിലായി ജീവിതം. എന്നെ ഇവിടം വരെ കൊണ്ടെത്തിച്ചതിനു നന്ദി. ഒരുപാടു കള്ളം പറഞ്ഞു ബുദ്ധിമുട്ടിച്ചതിനു എന്നോട് ക്ഷമിക്കുക."

മുറ്റത്തു ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറു നിന്നും വീശിയ കാറ്റു ഇലകളെ തഴുകി  സാവധാനം കടന്നുപോയി.