User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

"താങ്കളുടെ ഘടികാരം പണ്ടെങ്ങോ നിലച്ചുപോയി." പകുതി ആത്മഗതം പോലെയാണ് ഡോക്ടർ പറഞ്ഞത്.

വല്ലാത്ത ആകാംക്ഷ യോടെ ചോദിച്ചു. "ഇതൊന്നു ഓടിക്കിട്ടാൻ എന്താ വേണ്ടത്?" 

"ശ്രമിക്കാം. പക്ഷെ ചിലപ്പോൾ അത് പിറകോട്ടു ഓടി തുടങ്ങും. കുഴപ്പമുണ്ടോ?" ഡോക്ടർ ഉച്ചത്തിൽ ചിരിച്ചു.

"കുഴപ്പമുണ്ട്. എല്ലാവരുടെയും ക്ലോക്ക് മുന്നോട്ടു ഓടുമ്പോൾ, ഒരാളിന്റെ മാത്രം പിറകോട്ടു ഓടുന്നത്തിൽ കുഴപ്പമുണ്ട്."

രണ്ടാം തലമുറക്കാരൻ വാർധക്യ സഹജമായ അസുഖങ്ങളാൽ പരിക്ഷീണിതനായി വിശ്രമിക്കുന്നു. അഞ്ചാം തലമുറക്കാരി  പിച്ച വച്ചു നടക്കുന്നു. ഇതിനിടയിൽ ചുറു ചുറുക്കോടെ ഒന്നാം തലമുറക്കാരൻ മുതു മുത്തച്ഛൻ. അതൊരു സ്പെസില്ലിങ്  മിസ്റ്റേക്ക് തന്നെ ആണ്. ശാസ്ത്രജ്ഞർ പൂട്ടു തുറക്കട്ടെ. പക്ഷെ ഇങ്ങനെ ലാബുകളിൽ ഒരു പരീക്ഷണ മൃഗമായി കഴിയുന്നതു മടുത്തു. 

ഒന്നിച്ചോടിത്തുടങ്ങിയവർ പണ്ടേ കൊഴിഞ്ഞു പോയി. നീണ്ട നീണ്ട മൗനങ്ങൾക്കിടയിൽ, പിച്ച വയ്ക്കുന്ന അഞ്ചാം തലമുറക്കാരിയുടെ ഓമനത്തമുള്ള പുഞ്ചിരി മാത്രം ഒരാശ്വാസം. അവൾക്കു തിരിച്ചറിവായാൽ അതും നിലയ്ക്കും. അതിനു മുൻപെങ്കിലും...

റിസർച്ച് സെന്ററിനു പുറത്തു കടന്ന അയാൾ തീവണ്ടി ആപ്പീസിലേക്കു യാന്ത്രികമായി നടന്നു പോയി.  പോക്കുവെയിലിൽ അയാളുടെ നീണ്ട നിഴലിൽ വഴിയരികിലെ തണൽ മരങ്ങളിൽ നിന്നും പഴുത്ത ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.