User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

പ്രിയപ്പെട്ട ജിബിൻ,

മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു.

ചുവട്ടിൽ നിറയെ ചുവന്ന സ്വപ്‌നങ്ങൾ വിതറിയ മഞ്ചാടി മരം. അതു  രാധയുടെ വീട്ടു മുറ്റത്തായിരുന്നു. രാധ എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്തായിരുന്നു (ഒരുതരം കുറ്റ ബോധം ഉണ്ടാക്കുന്ന സുഹൃത് ബന്ധം - പിന്നീടൊരിക്കൽ പറയാം). രാധയുടെ മുറ്റമായിരുന്നു ഞങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട കളിസ്ഥലം. അതിന്റെ ഒരു കോണിലായിരുന്നു മഞ്ചാടി മരം. മഴയില്ലാത്ത വൈകുന്നേരങ്ങളിൽ ആ ചെറിയ മുറ്റം ശബ്ദ മുഖരിതമായിരിക്കും. ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും, കൂട്ട ചിരിയുടെയും, കളിയാക്കലുകളുടെയും എത്രയോ അവസരങ്ങൾ  ആ മരത്തിനു കീഴിൽ കടന്നുപോയി. രാധയുടെ വീടിനു കിഴക്കു വശത്തായി ഒരു കൂറ്റൻ  പുളിമരം ഉണ്ടായിരുന്നു. അത് നിന്നിരുന്നത് വളം ഡിപ്പോയുടെ വക സ്ഥലത്തായിരുന്നു. എങ്കിലും ഓണസമയത്തു  രാധയുടെ അച്ഛൻ ഒരു ഊഞ്ഞാൽ അതിൽ ഇടീക്കുമായിരുന്നു. അതു ഞങ്ങൾ നാട്ടുകാർ എല്ലാവരും കൂടി  ആടി ഓണം കഴിയുമ്പഴേക്കും പൊട്ടിച്ചു കൊടുക്കു മായിരുന്നു. ഊഞ്ഞാലിന്റെ പടിയായി  ഉപയോഗിച്ചിരുന്നത് രാധയുടെ വീട്ടിലെ പഴയ ഉലക്ക ആയിരുന്നു. കിഴക്കു ചാലിയക്കരയ്ക്കുള്ള ബസിൽ ആളുകൾ പുറത്തേക്കു തൂങ്ങി കിടക്കുന്നതുപോലെ ഓവർലോഡിൽ ആയിരുന്നു രാധയുടെ ഊഞ്ഞാൽ പറന്നു കൊണ്ടിരുന്നത്. എത്രയോ സമയം ആ മര മുത്തച്ഛന്റെ ചുവട്ടിൽ കഴിഞ്ഞിരുന്നു. തമിഴ് നാട്ടിലെ വളവില്ലാത്ത റോഡുകളുടെ അരികുകളിൽ പിൽക്കാലത്ത് ഇതുപോലത്തെ വലിയ പുളി മരങ്ങൾ കാണുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട പുളിമരത്തെ ഓർക്കുമായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പുളിമരം. പറഞ്ഞിട്ടെന്താ വിശേഷം. ഞങ്ങളെക്കാൾ ആ മരത്തെ ഇഷ്ടപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കേസു വിസ്താരം കഴിഞ്ഞാൽ അച്ഛൻ പുളിയുടെ അടുത്തേയ്ക്കു പോകും. കയ്യിൽ കത്തി ഉണ്ടായിരിക്കും. പുലിമുരുഗൻ ആയി തിരിച്ചു വരും. അടി അച്ഛന് ഒരു വീക് നെസ് ആയിരുന്നു; കൊള്ളുന്നത് ഞങ്ങൾക്കും(ചേട്ടനും എനിക്കും).  

തൃശൂർക്കുള്ള പറിച്ചു നടീൽ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. മണ്ണുത്തി വെറ്റിനറി കോളേജിന്റെ കാമ്പസ് അതി വിശാലമായിരുന്നു. തികച്ചും അപരിചിതമായ അന്തരീക്ഷം. ആ അപരിചിതത്വത്തിനിടയിൽ, ഒരാശ്വാസമായി അവൾ നിൽപ്പുണ്ടായിരുന്നു. ചപ്പു ചവറുകൾ ഇടുന്ന ഒരു മൂലയിൽ ചുവന്ന സ്വപ്‌നങ്ങൾ വിതറി ഒരു ചെറിയ മഞ്ചാടി മരം.

ക്യാമ്പസ് മരങ്ങളാൽ സമൃദ്ധമായിരുന്നു. വലിയ മരങ്ങൾ തണൽ വിരിച്ചിരുന്ന വഴികളിലൂടെ വിരഹാർത്തരായി ഞങ്ങൾ നടന്നിരുന്നു. കനാലിന്റെ അരികിലെ വാക മരം കാണുമ്പോൾ മധു പറയുമായിരുന്നു "മരത്തിനു തീ പിടിച്ചതുപോലെ" എന്ന്. പടർന്നു പന്തലിച്ചു കിടക്കുന്ന പുളിവാകയ്ക്ക് - ചക്കരക്കായ് മരം- (rain tree) എന്തഴകായിരുന്നു! ഒരത്ഭുതം പോലെ ഒരു നാഗദന്തി മരം (canon ball tree) അതിന്റെ വിശേഷപ്പെട്ട പൂക്കളും കായകളുമായി നിൽപ്പുണ്ടായിരുന്നു. ലാബുകളാൽ ചുറ്റപ്പെട്ട നടുമുറ്റത്ത് ആ ചെമ്പകം ഇപ്പോൾ ഉണ്ടോ ആവോ! മരങ്ങൾ - അവയെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കും കഴിയുമായിരുന്നില്ല.

ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പുസുകളിൽ ഒന്നായിരുന്നു ആനന്ദിലെ IRMA യുടെ ക്യാമ്പസ്. മരങ്ങളെക്കാൾ കൃത്രിമ പുൽത്തകിടികൾ ആയിരുന്നു ആ പ്രദേശം നിറയെ. അവയെ പരിചരിക്കുന്ന ജോലിക്കാർ, വിളക്കു കാലുകൾ, ചൂണ്ടു പലകകൾ, ഇവയ്ക്കിടയിൽ മരങ്ങൾക്കു സ്ഥാനമില്ലായിരുന്നു. ഒട്ടക വണ്ടികൾ നീങ്ങുന്ന കാമ്പസിനു പുറത്തെ പാതകൾക്കിരുപുറവും വലിയ വേപ്പുകൾ ഉണ്ടായിരുന്നു. വണ്ടിയിൽ വേപ്പിലയും. സഖാന്ദ്രയിൽ വച്ചാണ് ജാമുൻ മരങ്ങൾ കാണുന്നത്. (അതെ - ജാമ്പൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ... ) സഖാന്ദ്രയിലെ കുരുത്തം കെട്ട കുട്ടികൾക്ക് വയലറ്റു കലർന്ന ചിരിയായിരുന്നു. പഴങ്ങൾ കഴിച്ചപ്പോൾ ഞാനും അവരിലൊരാളായി. മരങ്ങളിൽ നിന്നും പഴങ്ങൾ നേരിട്ടു കഴിക്കുമ്പോൾ സ്വാദു കൂടുതലാണോ? തോന്നലായിരിക്കും. അല്ലെങ്കിൽ അതു മരത്തിന്റെ സ്നേഹം കാരണമാകാം.

നാട്ടിൽ പോകുമ്പോൾ അമ്മയെ (ജയയുടെ അമ്മ),  അമ്മയുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ കൊണ്ടുപോകുന്ന ഒരു പതിവു ചടങ്ങുണ്ട്. രണ്ടു വർഷം മുൻപ് പട്ടാഴിയിലുള്ള  ദേവീ  ക്ഷേത്രത്തിൽ വച്ച് ഒരു കാഴ്ച കണ്ടു. ഒരു വലിയ കാഞ്ഞിര മരത്തെ അമ്മ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ചെറിയ പുഛത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു "എന്റെ ചെറുപ്പം തൊട്ടേ ഉള്ള മരമാ, ഇപ്പൊ ഒരുപാടു പ്രായമായിക്കാണും". ഞാനെവിടെ - അമ്മയെവിടെ?


User Menu