User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

സന്തോഷിച്ചു കൂത്താടുന്ന കുറുക്കനെ കണ്ടിട്ട് കഴുത ചോദിച്ചു എന്താ കുറുക്കാ നിനക്കിത്ര സന്തോഷം? ഉത്തരം പറഞ്ഞതു മരക്കൊമ്പിലിരുന്ന കാക്കയായിരുന്നു. "അവൻ കള്ളിന്റെ പുറത്താണ്". സന്തോഷിക്കാൻ വഴി കണ്ടെത്തിയ കഴുത Tesco യിലേക്കു പോയി. കഷ്ടപ്പെട്ട് ആളുകളെ പറ്റിച്ചുണ്ടാക്കിയ പണം കൊടുത്തു ഷിവാസ് റീഗൽ  കുപ്പികൾ കുറെ വാങ്ങി.  

വീട്ടിലെത്തി മെത്തയിൽ കുപ്പികൾ നിരത്തിയ ശേഷം അതിനു മുകളിൽ കഴുത കുറെ  നേരം കിടന്നു. നിരത്തിലിറങ്ങി തുള്ളിച്ചാടി. പ്രത്യകിച്ചു സന്തോഷമൊന്നും തോന്നിയില്ല. കാരണമറിയാനായി കഴുത കുറുക്കനെ കാണാൻ പോയി. അപ്പോൾ കുറുക്കൻ ചാരുകസേരയിൽ കിടന്നുകൊണ്ട് അയ്യപ്പ പണിക്കരുടെ കവിതകൾ വായിക്കുകയായിരുന്നു. 

കഴുത പറഞ്ഞു. "എനിക്കു മനസ്സിലാകുന്നില്ല... ഞാൻ കുറെ നേരം കള്ളിന്റെ പുറത്തായിരുന്നു.  സന്തോഷം തോന്നുന്നില്ല. അതുകൊണ്ടു ഷിവാസ്‌ റീഗൽ കൊള്ളത്തില്ല". 

അപ്പോൾ കുറുക്കൻ പറഞ്ഞു. "എടാ കഴുതേ, ദുർഗ്രഹമായ കുപ്പി തുറന്നു, കയ്പുള്ള നിറം ചേർത്ത ദ്രാവകം കഷ്ടപ്പെട്ടു കുടിച്ചിറക്കണം. എങ്കിലേ സന്തോഷം കിട്ടുകയുള്ളു" 

കഴുതയ്ക്കു ദേഷ്യം വന്നു. അവൻ പറഞ്ഞു. "മണ്ണാങ്കട്ട". പിന്നെ ഒന്നും ആലോചിച്ചില്ല. തിരിഞ്ഞു നിന്നു പുറം കാലുകൊണ്ടൊരു തോഴി കൊടുത്തു. കുറുക്കൻ നാലു കാരണം മറിഞ്ഞു.  

കഥ പറഞ്ഞവസാനിപ്പിച്ച വിഷ്ണു ശർമൻ കുട്ടികളോട് ചോദിച്ചു. " എന്താണ് ഗുണപാഠം?"

കുട്ടികൾ പറഞ്ഞു. "കഴുതകളോടു തർക്കിക്കാൻ പോകരുത്"


User Menu