User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഒരിക്കൽ ഒരു കഴുത വനത്തിൽ സ്വൈരമായി മേയുന്നതിനിടയിൽ ഒരു മനുഷ്യനെ കണ്ടുമുട്ടി. അയാൾ കഴുതയോടു പറഞ്ഞു, "പ്രിയപ്പെട്ട കഴുതേ, ഇങ്ങനെ വെറുതെ മേഞ്ഞു നടക്കാനുള്ളതല്ല ജീവിതം. എന്നോടൊപ്പം വരൂ. ഞാൻ നിന്റെ ജീവിതം അർത്ഥപൂർണ്ണമാക്കാം".  

കഴുത അയാളോടൊപ്പം പോയി. വീട്ടിലെത്തിയപ്പോൾ അയാൾ കഴുതയുടെ പുറത്തു വിഴുപ്പു ഭാണ്ഡം എടുത്തു വച്ചിട്ടു പറഞ്ഞു, "ഈ വിഴുപ്പു നീ ചുമന്നു കൊള്ളൂ. ഇതു പുഴക്കരയിലേക്കു ചുമക്കണം. ഇന്നുമുതൽ നിന്റെ ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട്."

കഴുതയ്ക്ക് സന്തോഷം തോന്നി. ജീവിതം അർത്ഥപൂർണ്ണമായിരിക്കുന്നു!... 

ഒരിക്കൽ ഭാരവുമായി കഴുത കാൽ തെറ്റി വീണപ്പോൾ അലക്കുകാരൻ പറഞ്ഞു. "പ്രിയപ്പെട്ട കഴുതേ നീ പാപം ചെയ്തിരിക്കുന്നു. പരിഹാരമായി നീ ഒരു ഭാണ്ഡം കൂടുതൽ ചുമന്നുകൊള്ളു. നിനക്കു വേണ്ടി ഞാൻ വളരെ ശക്തമായി പ്രാർഥിക്കുണ്ട്." 

അന്നുമുതൽ കഴുത രണ്ടു ഭാണ്ഡങ്ങൾ വീതം ചുമക്കാൻ തുടങ്ങി. തന്റെ ക്ഷേമത്തിൽ അതീവ തല്പരനായ അലക്കുകാരനോടു നന്ദി കാണിക്കാനായി കഴുത വാലുയർത്തി ആട്ടാൻ തുടങ്ങി. അങ്ങിനെ യാണല്ലോ പട്ടികൾ നന്ദി കാണിക്കുന്നത്! വികൃതമായ ഈ ചേഷ്ട കണ്ട കുറുക്കൻ  പൊട്ടിച്ചിരിച്ചു. 

കുറുക്കൻ  ചോദിച്ചു, "നീ എന്തൊരു കഴുതയാണ്? നിനക്കു ഭാണ്ഡം ഉപേക്ഷിച്ചു സ്വൈരമായി മേയാൻ വനത്തിൽ പോകാമല്ലോ."

കഴുതയ്ക്ക് അടക്കാനാവാത്ത ദേഷ്യം വന്നു. കഴുത കുറുക്കനോട് ആക്രോശിച്ചു, "നീ എന്റെ വിഴുപ്പു ഭാണ്ഡത്തെ ആക്ഷേപിച്ചു. അതെന്നെ hurt ചെയ്തു. ഞാനീ വിഴുപ്പിൽ അഭിമാനിക്കുന്നു."  പിന്നെ ഒന്നും ആലോചിച്ചില്ല. തിരിഞ്ഞു നിന്നു പുറം കാലുകൊണ്ടൊരു തോഴി കൊടുത്തു. കുറുക്കൻ നാലു കാരണം മറിഞ്ഞു. 

കഥ പറഞ്ഞവസാനിപ്പിച്ച വിഷ്ണു ശർമൻ കുട്ടികളോട് ചോദിച്ചു. " എന്താണ് ഗുണപാഠം?"

കുട്ടികൾ പറഞ്ഞു. "കഴുതകളോട് ഉപദേശിക്കാൻ പോകരുത്"  


User Menu