User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ചാണ്ടി നാട്ടിലുണ്ടായിരുന്ന മൂന്നു നാലു മാസക്കാലം ഗ്രാമത്തില്‍ പുത്തനുണര്‍വ് ഉണ്ടായിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍, കാറുകള്‍, മോട്ടോര്‍ ബൈക്കുകള്‍.. ഞങ്ങളുടെ ഗ്രാമം വളരെ പ്രധാനപ്പെട്ട സ്ഥലമാണെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നി. കള്ളുഷാപ്പിലും, മാടക്കടകളുടെ മുമ്പിലും, കലുങ്കിലുമൊക്കെ സംസാരവിഷയം ചാണ്ടിചരിത്രം മാത്രം.

അതെല്ലാം പൊടുന്നനവെ ഇല്ലാതായി, ഗ്രാമത്തില്‍ വല്ലാത്ത ശൂന്യതയും മ്ലാനതയും പടര്‍ന്നുപിടിച്ചു. ഞാന്‍ സമാധാനിച്ചു.

അന്നൊന്നും ഇന്നത്തെപ്പോലെ നാട്ടിന്‍പുറങ്ങളില്‍ ആര്‍ഭാടമായ കൊട്ടാരങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എവിടെയും ദാരിദ്ര്യം മൂടല്‍മഞ്ഞുപോലെ ദൃശ്യമായിരുന്നു. ആ പശ്ചാതലത്തിലാണ് ഞങ്ങള്‍ക്ക് കൊള്ളാവുന്ന രണ്ടു വീടുകള്‍ ഉണ്ടാവുന്നത്. അതിനകത്ത് കാലുകുത്താനുള്ള ഭാഗ്യം എനിക്കിതുവരെ ഉണ്ടായിട്ടില്ല. എങ്കിലും എന്റെ നാട്ടില്‍ അതുണ്ടല്ലോ എന്നഭിമാനിക്കാന്‍ ആരുടേയും അനുവാദം വേണ്ടല്ലോ..

ഈ ഘട്ടത്തില്‍ മറ്റൊരു കക്ഷിയെ പരിചയപ്പെടുത്തട്ടെ.. ആളെ നമുക്ക് ഔസേപ്പ് എന്നു വിളിക്കാം. സ്ക്കൂളില്‍ എന്റെ സഹപാഠിയായിരുന്നു. വെറും സാധു. എട്ടാംക്ലാസില്‍ വച്ചോമറ്റോ ഔസേപ്പ് സെമിനാരിയില്‍ പോയി. പത്താംക്ലാസ് പാസായപ്പോള്‍ പോയ വേഗത്തില്‍ തിരിച്ചെത്തി. തിരിച്ചുവന്നപ്പോഴും ആള് സാധുതന്നെ, പക്ഷെ ഇംഗ്ലീഷിന്‍റെ കാര്യത്തില്‍ ചില കോമ്പ്ലെക്സ് ഒക്കെ ഉണ്ടായിരുന്നു..

"നിങ്ങളൊക്കെ ഈ കോളേജില്‍ പോയിട്ട് യാതൊരു കാര്യവുമില്ല; ഇംഗ്ലീഷ് ശരിയ്ക്കും പഠിക്കണമെങ്കില്‍ സെമിനാരിയില്‍ പോകണം" എന്നൊരു പുച്ഛഭാവം. എവിടെയെങ്കിലും ഒരു ജോലി തരപ്പെടുത്താനായി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും തകൃതിയായി പഠിക്കുന്നു. ഞങ്ങള്‍, കോളേജ്കുമാരന്മാരുടെ സന്തതസഹചാരിയായി വിലസുന്നു.

ഈ ഔസേപ്പിന്റെ വീട് ചാണ്ടിയുടെ തറവാടിന്റെ തൊട്ടയല്‍പക്കത്താണ്. ചാണ്ടി എത്തിയതോടെ ഔസേപ്പ് ഞങ്ങളുടെ കൂട്ടൊക്കെ വിട്ട് ചാണ്ടിയുടെ ശിങ്കിടിയായിക്കൂടി. "നാട്ടിലെ കാര്യങ്ങളുടെ കിടപ്പൊന്നും അങ്ങേര്ക്കറിയില്ല. എല്ലാത്തിനും ഞാനാണ് വേണ്ട ഉപദേശം കൊടുക്കുന്നത്" എന്നാണ് ഔസേപ്പിന്റെ ഭാഷ്യം. പക്ഷെ കുബുദ്ധികളായ ഞങ്ങള്‍ അവനെ ചാണ്ടിയുടെ ഒരു errand boy മാത്രമായിക്കണ്ടു.

എനിക്ക് ഈ ചാണ്ടിയെന്ന മഹാനെ ഒരിക്കലെങ്കിലും നേരില്‍കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. ആ നിലയ്ക്ക് എനിക്ക് ഔസേപ്പിനോടു തോന്നിയത് അസൂയതന്നെയായിരുന്നു.

അമേരിക്കയില്‍ തിരിച്ചുപോകുന്നതിനു മുമ്പ്, മിസ്റ്റര്‍ ചാണ്ടി, ഔസേപ്പിനെ തന്റെ ഒരു സ്റ്റാഫായി ഔദ്യോഗികമായി അംഗീകരിച്ചു. നീണ്ട "ടു-ഡു ലിസ്റ്റ്" കൊടുത്തു.

ആ ലിസ്റ്റിലുള്ള കാര്യങ്ങളില്‍ ചിലത് ഇവിടെ പരാമര്ശിക്കട്ടെ.

എല്ലാ മാസവും വീടിന്റെയും പറമ്പിന്റെയും കണ്ടീഷനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട്‌ ഇംഗ്ലീഷില്‍ എഴുതി അയക്കണം.

മൂന്നു മാസത്തിലൊരിക്കല്‍ തെങ്ങിന് തടമെടുത്ത്, അതിന്റെ ഇട കിളയ്ക്കണം.

ഇനി മറ്റൊരു ജോലി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന ഭാവത്തില്‍ ഔസേപ്പ് കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്തുവന്നു.

അങ്ങനെയിരിക്കുമ്പോള്‍ കാലവര്‍ഷം വല്ലാതെ നീണ്ടുപോയി. തെങ്ങിന്റെ തടമെടുപ്പ് നടന്നില്ല. സംഗതി അമേരിക്കന്‍ ഐക്യനാട്ടിലേയ്ക്ക് റിപ്പോര്‍ട്ട്‌ ചെയ്യണം..പക്ഷെ, ഒരു വലിയ പ്രശ്നം..

തെങ്ങിന്റെ തടമെടുക്കാന്‍ പറ്റിയില്ല എന്ന് എങ്ങനെയാണ് ആംഗലേയത്തില്‍ പറയുന്നത്?

ഔസേപ്പ് എല്ലാവരോടും ചോദിച്ചു. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന എന്നിലായിരുന്നു ഔസേപ്പിന്റെ പ്രതീക്ഷ മുഴുവനും. ഞാന്‍ എന്തു ചെയ്യാന്‍?

"ഷേക്ക്‌സ്പിയറിന്റെ നാട്ടില്‍ തെങ്ങില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ കൃതികളിലൊന്നും തടമെടുക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ചുരുക്കത്തില്‍ എനിക്കറിയില്ല.."

ഔസേപ്പ് കണ്ണുപൊട്ടുന്ന തെറി പറഞ്ഞു.. "അവന്റെ.... അറിയാന്‍ വയ്യെങ്കില്‍ അതു പറഞ്ഞാല്‍പോരെ.."

അമേരിക്കക്കാരുടെ സെക്രെട്ടറി തെറിവിളിച്ചാല്‍ സഹിക്കുകതന്നെ.

കുറെ ആഴ്ചകള്‍ക്കുശേഷം ഞാന്‍ ഔസേപ്പിനോടു ചോദിച്ചു.. "എടാ, നീ അക്കാര്യം എങ്ങനെ കമ്മ്യുണിക്കേറ്റ്‌ ചെയ്തു?"

അഭിമാനപൂര്‍വം ഔസേപ്പ് ആ കത്തിന്റെ കാര്‍ബണ്‍കോപ്പി എന്നെ കാണിച്ചു.. ഞാന്‍ ഞെട്ടിപ്പോയി.. അവന്‍ എഴുതിയത് ഇങ്ങനെ..

"Rain, rain, too much rain. No shaving of coconut tree this time"

ഈശ്വരന്മാരെ.. എന്താ ഔസേപ്പിന്റെ ബുദ്ധി.. ഏതായാലും അമേരിക്കയിലിരിക്കുന്ന ചാണ്ടിയ്ക്ക് കാര്യം പിടികിട്ടിക്കാണണം.

സാഹിത്യം പഠിക്കുന്നതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. അതിജീവനകല എന്നത് ഒരു സര്‍വകലാശാലയും പഠിപ്പിച്ചുതരില്ല.

പലപ്പോഴും ഞങ്ങളുടെ "അന്നവില്ലയ്ക്ക്" എന്തു സംഭവിച്ചു എന്നു ഞാന്‍ അന്വേക്ഷിക്കാറുണ്ട്. പല കഥകളും കേട്ടു.

ആദ്യം ചാണ്ടി തന്റെ അര്‍ദ്ധസഹോദരനെ അവിടെ താമസിപ്പിച്ചു. അത് കേസില്‍ കലാശിച്ചു. മനസ്സുമടുത്ത ചാണ്ടി വീടും പറമ്പും രൂപതയ്ക്ക് ഇഷ്ടദാനമായി നല്‍കി. "ഇവര്‍ വിധവയുടെ കുടുംബം വിഴുങ്ങും" എന്ന തിരുവെഴുത്ത് അങ്ങനെ പൂര്‍ത്തിയായി. പിന്നീട് ഏതോ ഓര്‍ത്തഡോക്സ്‌ പാതിരി അവിടെ താമസിച്ചുവെന്നും, അദ്ദേഹവും കുറെനാള്‍ കാലിയാക്കാന്‍ കൂട്ടാക്കിയില്ല എന്നുമൊക്കെ കേട്ടു. സത്യാവസ്ഥ ഇനിയും അറിയില്ല. ഏതായാലും കെട്ടിടം അവിടെത്തന്നെ ഉണ്ടാവുമെന്നു വിശ്വസിക്കുന്നു.

ചാണ്ടിയും ഭാര്യയും മാത്രമല്ല, ഔസേപ്പും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ചാണ്ടിയുടെ മക്കള്‍ക്ക് നാടുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല.

പ്രവാസിയുടെ പ്രയാസങ്ങള്‍ ഇന്നുമിന്നലെയും തുടങ്ങിയതല്ല...

(അവസാനിച്ചു)


User Menu