User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

മിസ്റ്റര്‍ ചാലില്‍ ചാണ്ടി, തന്റെ സാന്നിദ്ധ്യം അറിയിക്കാന്‍ പലതും ചെയ്തു. അതിന്റെ ഭാഗമായി അന്ന് അമേരിക്കയില്‍ ഉണ്ടായിരുന്നവരുടെ നാട്ടിലെ ബന്ധുക്കളെ സമീപപ്രദേശങ്ങളില്‍ നിന്നും ക്ഷണിച്ചുവരുത്തി പാര്‍ട്ടി കൊടുത്തു.

അറുപതുകളുടെ അവസാനമാണ്. അന്നൊക്കെ ഇന്നത്തെപ്പോലെ അമേരിക്കയില്‍ മലയാളികള്‍ അധികമില്ല. പിന്നെ ഞങ്ങളുടെ നിഘണ്ടുവില്‍ പാര്‍ട്ടി എന്നാല്‍ രാഷ്ട്രീയപ്പാര്ട്ടികളാണ്. ഇതിനിയൊക്കെ ഞങ്ങള്‍ സദ്യ എന്നാണ് വിളിക്കുന്നത്. വീട്ടില്‍ കഴിക്കുന്ന ഭക്ഷണമൊക്കെത്തന്നെ. കൊതിപ്പിക്കുന്ന ചില എക്സ്ട്രാസ് ഉണ്ടാകും എന്നുമാത്രം.

അമേരിക്കക്കാരന്റെ "പാര്‍ട്ടി" എന്തായിരിക്കുമെന്ന് പിടിയില്ല. കസേര പിടിച്ചിടാനൊക്കെ കൂടിയ ഒരുത്തന്റെ വര്‍ണ്ണനയില്‍ നിന്നാണ് കുറെയൊക്കെ കാര്യങ്ങള്‍ മനസിലായത്.

ഏതാണ്ട് പത്തന്‍പത് കുടുംബങ്ങള്‍ വന്നു. സ്വന്തമായി കാറുള്ളവരായിരുന്നില്ല അവരില്‍ മിക്കവരും. എങ്കിലും അമേരിക്കക്കാരന്റെ പാര്‍ട്ടിയ്ക്കു പോകുന്നതല്ലേ, എന്നുകരുതി ടാക്സി വിളിച്ചാണ് അവര്‍ വന്നത്. അങ്ങനെ ഞങ്ങളുടെ ഗ്രാമം കാറുകള്‍കൊണ്ട് നിറഞ്ഞു.

പാര്ട്ടിയ്ക്കായി കൊല്ലപ്പെട്ട പക്ഷിമൃഗാദികളുടെയും പൊട്ടിയ മുന്തിയയിനം മദ്യക്കുപ്പികളുടെയും എണ്ണം ഗ്രാമത്തില്‍ വലിയ ചര്‍ച്ചയായി..

പോകുന്നതിനുമുമ്പ് എല്ലാവര്ക്കും ഒന്നേ പറയാനുള്ളൂ..

"അതേ, ചാണ്ടിച്ചാ.. ഞങ്ങളുടെ പെണ്ണമ്മ ആളൊരു പാവമാ..എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ വേണ്ട സഹായം ചെയ്യണം. പിന്നെ നല്ല പഠിപ്പുള്ള പയ്യന്മാര്‍ വല്ലതുമുണ്ടെങ്കില്‍ അറിയിക്കണം. ഞങ്ങളും നോക്കുന്നുണ്ട്.. എന്നാല്‍ വരട്ടെ.."

നാനാജാതി പിരിവുകാര്‍ക്ക് ചാണ്ടി ഒരു വന്‍ ഇരയായിരുന്നു. ചാണ്ടിച്ചന്‍ ആരെയും പിണക്കിയില്ല.

അങ്ങനെയിരുന്നപ്പോള്‍ ഒരു പറ്റം സഖാക്കന്മാര്‍ ചാണ്ടിച്ചന്റെ ഇരുനിലവീട്ടിലേയ്ക്ക് കടന്നു ചെല്ലുന്നു..

അയ്യോ ചതിച്ചോ!

വിമോചനസമരം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ അധികമായിട്ടില്ല. ആ സമരത്തിന്റെ പിന്നില്‍ അമേരിക്കയായിരുന്നു എന്ന കാര്യത്തില്‍ സഖാക്കന്മാര്‍ക്ക് യാതൊരു സംശയവും ഇല്ലായിരുന്നു.

ഇനി അതിന്റെ പേരില്‍ ഇവര്‍ ചാണ്ടിച്ചനെ വല്ലതും ചെയ്യുമോ? കൊലപാതകം എന്നൊക്കെ കേട്ടാല്‍ അന്നുമിന്നും പേടിയാണ്.

ഇല്ല, ഒന്നും സംഭവിച്ചില്ല.. അവര്‍ ആഹ്ലാദത്തോടെ ഇറങ്ങിവന്നു..

പിരിവു ചോദിച്ചുചെന്ന സഖാക്കന്മാരെയും ചാണ്ടി നിരാശപ്പെടുത്തിയില്ല.

ഇതൊക്കെ ഞങ്ങള്‍ക്ക് വല്ലാത്തൊരു പ്രലോഭനമായി.

അറുപതുകളുടെ അവസാനം, എഴുപതുകളുടെ ആരംഭം - അത് വല്ലാത്തൊരു കാലഘട്ടമായിരുന്നു.

അങ്ങകലെ ബംഗാളില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍ ജോലി കിട്ടാതെ, നാടന്‍ ബോംബുകള്‍ ഉണ്ടാക്കി. കമ്മ്യുണിസത്തിന്റെ മൃദുസമീപനത്തില്‍ അസംതൃപ്തരായ അവര്‍ നക്സല്‍ പ്രസ്ഥാനം തുടങ്ങി.

ജോലി സാധ്യതയുടെ കാര്യത്തില്‍ കേരളവും ഒട്ടും പിന്നിലല്ലായിരുന്നു. പ്രൈവറ്റ് സെക്ടര്‍ എന്നൊന്ന് അന്നില്ലായിരുന്നു എന്നു പറയാം. ആകെയുള്ളത് സര്‍ക്കാര്‍ജോലിയാണ്. അത് ലഭിക്കുകയെന്നത് സ്വപ്നമാണ്. പക്ഷെ, വിപ്ലവത്തില്‍ താല്പര്യമില്ല.

കോളേജ് പഠനം ഒരിടത്തും കൊണ്ടെത്തിക്കുകയില്ല എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. കാണുന്ന ജോലിയ്ക്കെല്ലാം അപേക്ഷിക്കുക, പഞ്ചായത്താഫീസില്‍ പ്യൂണ്‍ ആയി ജോലി കിട്ടിയാലും ഈ മുടിഞ്ഞ പഠനം ഉപേക്ഷിക്കാം.

പക്ഷെ, സര്‍ക്കാര്‍ജോലി ആരും വീട്ടില്‍ കൊണ്ടുവന്നു തരില്ല. അതിന് അപേക്ഷ അയക്കണം. അപേക്ഷ അയയ്ക്കാന്‍ ചെലവുണ്ട്. അതിനു കാശില്ല. എങ്ങനെ കാശുണ്ടാക്കാം?

ഞങ്ങള്‍ ചര്‍ച്ചയാരംഭിച്ചു.

പ്രസിഡന്റ്, പ്രധാനമന്ത്രി, എന്നിവര്‍ക്കെഴുതിയാലോ?

പോടാ.. അവര്‍ തിരിഞ്ഞുപോലും നോക്കില്ല.

എന്നാല്‍ മാര്‍പാപ്പയോടു ചോദിച്ചാലോ?

അതിനു മാര്‍പാപ്പയുടെ അഡ്രസ്സ് എവിടെനിന്നും കിട്ടും?

മാര്‍പാപ്പയുടെ അഡ്രസ്സോ. അതിനാണോ പ്രയാസം? മാര്‍പാപ്പ, റോമാ പി.ഓ.

(അവനെ ഞങ്ങള്‍ കുറെനാള്‍ റോമാപിയോ എന്നുവിളിച്ചു കളിയാക്കി).

അപ്പോള്‍ ഒരുത്തനു കത്തി...

ചാണ്ടിചേട്ടനോടു ചെന്നു കാര്യങ്ങള്‍ പറഞ്ഞാലോ? അങ്ങേര്‍ സഖാക്കന്മാര്‍ക്കുപോലും കാശു കൊടുത്തതാ.

അത് നല്ല ബുദ്ധി.. അങ്ങേര്‍, കപ്പലില്‍ ഡോളര്‍ നിറച്ച ചാക്കുകള്‍ നിരത്തിയിട്ട് അതില്‍ കിടന്നുറങ്ങിയാണ് ഇവിടെ വന്നതെന്നാ ഒരുത്തന്‍ പറഞ്ഞത്.

പോടാ, അങ്ങേര്‍ വീമാനത്തിലാ വന്നത്..

നീ കണ്ടോ?

ഏതായാലും അതൊരു നല്ല ആശയമാണെന്ന് എല്ലാവര്ക്കും തോന്നി. പക്ഷെ, ഒരുത്തന്‍ അശുഭകരമായ ഒരു കാര്യം പറഞ്ഞു...

"അതേ, ഈ ചാണ്ടിചേട്ടന്‍ നമ്മുടെയെല്ലാം തന്തമാരെ അറിയുന്നതാ. ചെന്നു കൊളുത്തിക്കൊടുത്താലോ?"

അപകടം, അപകടം. വീട്ടിലറിഞ്ഞാല്‍ ചോദിക്കും...

"തെണ്ടിയാകാനാണോടാ നിന്നെ കാശുമുടക്കി കോളേജില്‍ വിട്ടു പഠിപ്പിക്കുന്നത്?"

അപ്പോള്‍ അതും നടക്കില്ല.

തുടരും..


User Menu