User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛൻ ആദ്യമായി ഗൾഫിൽ നിന്നും വരുന്നത്. ഓര്മ വെച്ചതിൽ പിന്നെ ആദ്യമായിട്ടാണ് അച്ഛനെ കാണുന്നത് എന്നുള്ള ആവേശത്തെക്കാൾ, കൊണ്ട് വന്ന പെട്ടിയിൽ എന്താണ് എന്നറിയാനുള്ള തിടുക്കമായിരുന്നു കൂടുതലും. എഴുത്തിലൂടെ മാത്രം അറിഞ്ഞിരുന്ന അച്ഛൻ, ചുവരിലെ ചിത്രത്തിൽ

മാത്രം കണ്ടിരുന്ന അച്ഛൻ , നേരിട്ട് കണ്ടപ്പോൾ ഭയമാണോ ചമ്മലാണോ എന്നൊന്നും അറിയില്ല അടുക്കാൻ ഒരിത്തിരി സമയമെടുത്തു . പെട്ടി തുറക്കൽ ഒരു ചടങ്ങു തന്നെയായിരുന്നു എന്നോർക്കുന്നു. വന്ന ദിവസമല്ല രണ്ടാമത്തെയോ അല്ലെങ്കിൽ മൂന്നാമത്തെയോ ദിവസമാണ് അതുണ്ടാവുക. അതിന്റെ കാരണം അറിയില്ല, ഒരു പക്ഷെ ബന്ധുക്കളൊക്കെ  വന്നു കഴിഞ്ഞു അവരുടെ സാന്നിധ്യത്തിൽ ആകണം എന്നതു കൊണ്ടാവാം. വളരെ ഭംഗിയായി പാക്ക് ചെയ്തിരുന്ന പെട്ടിയിലെ രഹസ്യ അറകളിലായി പല പല സാധനങ്ങൾ വളരെ വിരുതോടെ ഒതുക്കി വെച്ചിരുന്നു. കൂട്ടുകുടുംബത്തിലെ എല്ലാവര്ക്കും ഓരോ പൊതി വീതം വെച്ച് കൊടുക്കുമ്പോൾ എനിക്ക് കിട്ടിയത് ഒരു ജോഡി കമ്മലും പിന്നെ ഒരു  കളി കപ്പലും.  സ്വർണ കമ്മലിനെക്കാൾ എന്ത് കൊണ്ടും എന്നെ ആകർഷിച്ചത് ആ കപ്പലായിരുന്നു.. അത്തറിന്റെയും പുത്തൻ  തുണികളുടെയും പുതു മണമുള്ള ചുവപ്പും വെള്ളയും നിറത്തിൽ രണ്ടു നിലയുള്ള ; ഒരു ഡെക്കും നാലു കസേരകളും ഉള്ള ഒരു കപ്പൽ...പിന്നെ ഒരു സുന്ദരൻ കപ്പിത്താനും . വെള്ള പാന്റ്സും, ഷർട്ട് ഉം കറുത്ത തൊപ്പിയും ഉള്ള കൈകാലുകൾ ഒക്കെ നമ്മുടെ ഇഷ്ടത്തിന് ചലിപ്പിക്കാൻ പറ്റിയ കപ്പിത്താൻ . പുതിയ അതിഥി വന്നതോടെ എന്റെ ബാർബി ഡോളിനെ ഞാൻ മറന്നു. അതാരാണെന്നല്ലേ ? നല്ല വെളുവെളുത്ത വാഴത്തടയിൽ കറുകറുത്ത കരിക്കട്ട കൊണ്ട് കണ്ണെഴുതി പൊട്ടും തൊട്ടു , സുന്ദരിയാക്കി വെച്ചിരുന്ന ബാർബി .തയ്യൽക്കാർ ഉടുപ്പ് തുന്നിത്തരുമ്പോൾ സ്നേഹപൂർവം സമ്മാനിക്കുന്ന പല വർണങ്ങളിലുള്ള റിബ്ബണുകൾ കൊണ്ട് ഉടുപ്പുകളുണ്ടാക്കി കൊടുക്കുകയായിരുന്നു അത് വരെ ഉണ്ടായിരുന്ന പ്രധാന വിനോദം. കപ്പൽ വന്നതോടെ രാവിലെ എണീക്കുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുമ്പും ഒക്കെ വെറുതെ തൊട്ടും തലോടിയും അങ്ങനെ, അതിനെ ചുറ്റിപ്പറ്റിയാരുന്നു പിന്നെ കുറച്ചു നാളത്തേക്ക് ജീവിതം .

അച്ഛൻ പറഞ്ഞത് ബാറ്ററി ഇട്ടാൽ അത് വെള്ളത്തിലൂടെ ചീറിപ്പായും ശബ്ദമുണ്ടാക്കും എന്നൊക്കെയാണ്. കുറെ നാൾ ഇതൊക്കെ ആലോചിച്ചു ചീറിപ്പായുന്നതും കടകട ശബ്ദമുണ്ടാക്കുന്നതും , എന്തിനു; ഞാൻ അതിൽ കയറി യാത്ര ചെയ്യുന്നത് വരെ സ്വപ്നം കണ്ടു !!!! മറ്റു കസിൻസ് ഒക്കെ വന്നാലും കളിക്കാനായി എടുത്താലും, ആവശ്യം കഴിഞ്ഞാൽ വേഗം തന്നെ ഞങ്ങളുടെ കുഞ്ഞു മുറിയിലെ തടിയലമാരയിൽ കപ്പൽ ഭദ്രമാക്കി വെച്ചിരുന്നു. എന്നെങ്കിലും വെള്ളത്തിലിറക്കാം എന്ന പ്രതീക്ഷയിൽ നാളുകൾ തള്ളി നീക്കി ഒരു ദിവസം ബാറ്ററി യെപ്പറ്റി ചോദിച്ചപ്പോൾ അതിനു മെനക്കെടാഞ്ഞിട്ടാണോ അതോ അങ്ങനെയുള്ള ഒരു സംവിധാനം ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല ; ഒരു കാര്യം മനസിലായി ഞാൻ സ്വപ്നം കണ്ടതൊക്കെ വെറുതെയാണെന്നു !! അന്ന് ബാറ്റെറിയെപ്പറ്റി കൂടുതൽ ആലോചിക്കാനുള്ള ടെക്നിക്കൽ ബുദ്ധിയൊന്നും ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ. (ഇന്നിപ്പോ മൂന്നു വയസു മുതൽ  മകന് അറിയാം ഏതു ടോയ് കാറിൽ ഏതു തരം  ബാറ്ററി ഇടണം എന്നുള്ളത്!! ) എന്തായാലും എന്റെ നഷ്ട സ്വപ്നം പോലെ ആ കപ്പൽ അനങ്ങാതെ അലമാരയിലെ കട്ടപ്പുറത്തു തന്നെയിരുന്നു .  ഉപയോഗിച്ച് തേഞ്ഞ ചന്ദനകഷണങ്ങളുടെ കുഞ്ഞു ശേഖരം ഉണ്ടായിരുന്ന ആ അലമാരയിൽ ഇരുന്നത് കൊണ്ട് ക്രമേണ അതിനു ചന്ദനത്തിന്റെ വാസന കൈവന്നു തുടങ്ങി. അങ്ങനെ അതൊരു പ്രതിഷ്ഠയായി അവിടെ തന്നെ തുടർന്നു. കൂവാറ്റിയിൽ നിന്നുംഹൈ സ്കൂളിൽ ചേരാനായി അമ്മവീട്ടിലേക്കു താമസം മാറുമ്പോഴേക്കും എന്റെ ആകപ്പാടെയുണ്ടായ കളിപ്പാട്ടം വിസ്മൃതിയിലാണ്ടു പോയി. ഇഷ്ടങ്ങൾ മാറി കാലം മാറി കല്യാണമൊക്കെ കഴിഞ്ഞു പുതിയ വീട്ടിൽ ചെന്നപ്പോൾ അവിടത്തെ ചില്ലലമാരയിലെ ടെഡി ബയേർസ്  നെ കകണ്ടപ്പോൾ വീണ്ടും ഞാനെന്റെ കപ്പലിനെ ഓർത്തു.. പറഞ്ഞു വരുമ്പോൾ "മാവിൻ ചോട്ടിലെ മണമുള്ള മധുരമായ് മനതാരിൽ കുളിരുന്നെന് ബാല്യം" തന്നെയാണ് .. ആ കുളിർ ഒരു പക്ഷെ ഇന്നത്തെ കുട്ടികൾക്ക് ഭാവിയിൽ അവരുടെ ഐപാഡും വീഡിയോ ഗെയിംസ് ഉം ഡോറ ബുജിയുമൊക്കെ ഒരു നൊസ്റ്റാൾജിയ ആയിട്ടു വരുമായിരിക്കുമോ? എന്തായാലും മഞ്ചാടിപ്പലകയും ഈർക്കിൽ കളിയും പച്ചക്കശുവണ്ടിയും കാരപ്പഴവും ഒക്കെയായി "Our childhood was A wesome" വാൽകഷ്ണം :- ഇന്ന് മോന്റെ  കളിപ്പാട്ടങ്ങളൊക്കെ ഒരു വിധം ഒതുക്കി വെക്കുമ്പോൾ ഒരു പാട് കാലങ്ങൾക്കു ശേഷം  എന്റെ കുട്ടിക്കാലത്തെ ആകെയുണ്ടായിരുന്ന ആ ലക്ഷ്വറി കളിപ്പാട്ടം എന്റെ ഓർമകളിൽ നിറയുകയാണ്..."


User Menu