User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

അന്നൊരു കാലത്ത് ശനിയാഴ്ച,,

               രാവിലെ ഉറക്കമുണർന്നപ്പോൾ കടപ്പുറം‌ചാലിലെ നാട്ടിൻപുറത്തുകാരായ എട്ട് സുന്ദരികൾക്ക് സിനിമ കാണാൻ മോഹമുദിച്ചു. പെട്ടെന്നുണ്ടായ പുത്തൻ മോഹത്തിനു

പിന്നിലുള്ള ഘടകം തലേദിവസം ഉച്ചക്കുമുൻപ് ചെണ്ടമുട്ടിന്റെ അകമ്പടിയോടെ ഇടവഴിയിലൂടെ കടന്നുപോയ സിനിമാ വിളമ്പരജാഥയും നോട്ടീസ് വിതരണവുമാണ്.

 

               വെള്ളിയാഴ്ചകളിൽ കടൽക്കാറ്റ് വീശുന്ന പതിനൊന്നുമണി നേരത്ത് നാട്ടുകാരനായ കണ്ണൻ‌പണിക്കർ ‘ഡുംഡുംഡും താളത്തിൽ ചെണ്ടകൊട്ടി’ നാട്ടിൻപുറത്തെ ഇടവഴികളിലൂടെ മുന്നിൽ നടക്കും. പിന്നിൽ നടക്കുന്ന ദാസൻ ആ ദിവസം വൈകിട്ട് കളിക്കുന്ന പുതിയ സിനിമയുടെ വലിയ പോസ്റ്റർ ഉയർത്തിപ്പിടിച്ച് നടക്കുന്നതോടൊപ്പം നോട്ടീസ് വിതരണവും നടത്തും. നാട്ടിലെ പിള്ളേരെല്ലാം‌ചേർന്ന് അവരുടെ പിന്നാലെ എത്ര ഓടിയാലും ‘ഒരു വീട്ടിൽ ഒരു നോട്ടീസ്’ എന്ന കണക്കിലാണ് വിതരണം. അങ്ങനെ കിട്ടിയ നോട്ടിസ് വായിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. പുതിയതായി തുറന്ന് പ്രവർത്തനം ആരംഭിച്ച സിനിമാ തീയറ്ററിൽ വെള്ളിയാഴ്ച പുതിയ സിനിമ വന്നിട്ടുണ്ട്; പേര്,,,

കാര്യം നിസ്സാരം

അഭിനയിക്കുന്നവർ-

ബാലചന്ദ്രമേനോൻ, പൂർണ്ണിമാജയറാം,

പ്രേംനസീർ, ലക്ഷ്മി,

കെ പി ഉമ്മർ, സുകുമാരി,

ലാലു അലക്സ്, ജലജ,

 

                 രണ്ടാം‌ദിവസം മൂന്നുമണിക്ക് തുടങ്ങുന്ന ആദ്യഷോ കാണാനുള്ള തയ്യാറെടുപ്പുകൾ എട്ടുപേരും ചേർന്ന് രാവിലെതന്നെ തുടങ്ങി. ആദ്യത്തെ ഐറ്റം രക്ഷിതാക്കളുടെ പെർമിഷൻ വാങ്ങലാണ്. കൂടെ പോകുന്നവരുടെ പേരുകൾ പറഞ്ഞപ്പോൾ അക്കാര്യം എളുപ്പത്തിൽ ഓക്കെയായി. പിന്നെ ‘പണം’? അതിനായി സമ്പാദ്യപ്പെട്ടി തുറക്കുകയും പൊട്ടിക്കുകയും ചെയ്തപ്പോൾ മറ്റാരും അറിയാതെ കാര്യം നടന്നു. തുടർന്ന് വീട്ടുജോലികളെല്ലാം സൂപ്പർഫാസ്റ്റായി ചെയ്തുതീർക്കാൻ തുടങ്ങി,,,

                കടപ്പുറം‌ചാലിന്റെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന പീച്ചത്തോടിന്റെ ‌കരയിൽ പോയി തുണിയലക്കിയശേഷം വെള്ളത്തിലിറങ്ങി മുങ്ങിക്കുളിച്ചു. പിന്നീട് വീട്ടിലേക്കുവന്ന് അലക്കിയ തുണികളെല്ലാം ഉണക്കാനിട്ടശേഷം ഭക്ഷണം കഴിച്ചു. പിന്നെ കൂട്ടത്തിൽ നല്ല ഡ്രസ്‌ അണിഞ്ഞ് പൌഡറിട്ട് പൊട്ടുകുത്തിയശേഷം വീട്ടിൽ‌നിന്നും പുറത്തിറങ്ങി; ഓരോരുത്തരായി കിഴക്കുഭാഗത്തുള്ള വയലിലേക്ക് പ്രവേശിച്ചു. അങ്ങനെ എട്ട് സുന്ദരികൾ ഒത്തുചേർന്ന് നട്ടുച്ചവെയിൽ അവഗണിച്ചുകൊണ്ട് നെൽവയലും തോടും മുറിച്ചുകടന്ന് യാത്രയായി. പുത്തനായി നിർമ്മിക്കപ്പെട്ട അടുത്തുള്ള സിനിമാ തിയേറ്ററിലേക്ക്; അതാണ് ‘‘ദർപ്പണ ടാക്കിസ്’; സ്ഥലം കണ്ണൂർ ജില്ലയിലെ ‘ചാല’. അവിടെയെത്താൻ ഇനിയും ധാരാളം സമയമുള്ളതിനാൽ നമ്മൾ എട്ടുപേരുടെ ബയോഡാറ്റ പറയാം.

 

                 എട്ട് സുന്ദരിമാർ ആരൊക്കെയാണെന്നോ? ഒരു സുന്ദരി ഞാൻ തന്നെ; അതുപിന്നെ അങ്ങനെയാണല്ലൊ,,,

ഇനി മറ്റുള്ളവരുടെ പേര് പറയാം; തുച്ചി, ലച്ചി, ബേബി, അജി, അമി, രജി, ഇഞ്ചി അങ്ങനെ ഏഴ് പേര്. ഇതൊക്കെ നമ്മുടെ നാടൻ പേരുകളാണ്. തുച്ചി എന്റെ അനുജത്തി, ലച്ചിയും ബേബിയും ഇളയമ്മയുടെ മക്കൾ, അജിയും അമിയും അയൽ‌വാസി സഹോദരിമാർ; രജിയും ഇഞ്ചിയും മറ്റൊരു അയൽ‌വാസി സഹോദരിമാർ. സിനിമാക്കൊതി തീർക്കാൻ പോകുന്ന എട്ട് സുന്ദരിമാരുടെയും പ്രായം പതിനാറിനും ഇരുപത്തി ഒന്നിനും ഇടയിൽ. പ്ലസ് 2 കടന്നാക്രമണം നടത്താത്ത കാലമായതിനാൽ എല്ലാവരും കോളേജ് കുമാരിമാർ. അതിൽ മൂന്ന് സുന്ദരികൾ സാരിയിലും അഞ്ച് സുന്ദരികൾ പാവാടയിലും. കൂട്ടത്തിൽ മുതിർന്നഅംഗം ഞാൻ തന്നെ. പിന്നെയൊരു ചെറിയ രഹസ്യം പറയാനുണ്ട്; ഇക്കൂട്ടത്തിൽ ബേബി ഒഴികെ എല്ലാവരും ഇപ്പോൾ സർക്കാർ ജോലി ചെയ്തു ശമ്പളം‌വാങ്ങിയിട്ട് പെൻഷനർ ആവാൻ പോകുന്നവരാണ്.

                വയലും തോടും കടലും തഴുകി തലോടുന്ന കടൽക്കരയിലെ ഗ്രാമമാണ് കടപ്പുറം‌ചാൽ.‌ അവിടെയുള്ള സുന്ദരികളും സുന്ദരന്മാരും ഒക്കെ ധൈര്യശാലികളും സ്വതന്ത്രരും അധ്വാനശീലരും ആണ്. ആവശ്യം‌വന്നാൽ ഏത് നട്ടുച്ചക്കും നട്ടപ്പാതിരക്കും ഒറ്റക്ക് വെളിയിലിറങ്ങി നടക്കുന്നവരാണ്. ആരും ആരെയും ഭീഷണിപ്പെടുത്തുകയൊ പീഡിപ്പിക്കുകയോ ചെയ്യാറില്ല. അതാണ് എന്റെ ഗ്രാമം,,,

 

ഇനി നമുക്ക് കിഴക്കോട്ട് യാത്രതുടരാം,,

              ഞങ്ങൾ എട്ടുസുന്ദരികൾ പൊട്ടിച്ചിരിച്ചും ചിരിപ്പിച്ചും‌കൊണ്ട് നെൽ‌വയൽ മുറിച്ചുകടന്ന് അതിവേഗം മറുകരയിൽ കടന്ന് ഊടുവഴികൾ താണ്ടി വേലികളും മതിലുകളും കയറിമറിഞ്ഞ് ചെമ്മൺപാതയിൽ എത്തി. അങ്ങനെ അരമണിക്കൂർ നടന്നപ്പോൾ തോട്ടട ബസ്‌സ്റ്റോപ്പിൽ പ്രവേശിച്ചു.

             സിനിമകാണാൻ ചാലയിൽ പോകേണ്ട വഴികൾ പലതുണ്ട്. ഏറ്റവും വളഞ്ഞ വഴി ബസ്‌യാത്രയാണ്. കണ്ണൂരിലേക്ക് പോകുന്ന ബസിൽ കയറി ചൊവ്വയിൽ ഇറങ്ങിയിട്ട് കൂത്തുപറമ്പിലേക്ക് പോകുന്ന ബസ്സിൽ കയറി ടാക്കിസിനു മുന്നിൽ ഇറങ്ങുക. ഇക്കാലത്ത് നാട്ടുകാർക്ക് അറിയുന്ന വഴി, അതുമാത്രം ആണെങ്കിലും അന്നത്തെ മനുഷ്യരൊന്നും അത്തരം വളഞ്ഞ വഴിയിൽ യാത്ര ചെയ്യാറില്ല. കൂടാതെ ഞങ്ങളുടെ സാമ്പത്തികനില ബി.പി.എൽ ആയതിനാൽ ബസ്‌യാത്ര അപ്രാപ്യമാണ്. വേലിയും മതിലും കടന്ന് വീടുകളുടെ മുറ്റത്തും അടുക്കളപ്പുറത്തും കൂടി നേരെനടന്ന് സഞ്ചരിക്കുക; അതാണ് നമ്മൾ സുന്ദരിമാരുടെ രീതി.

 

              ഇനിയൊരു വഴി അമ്മൂപ്പറമ്പിലൂടെയാണ്; അവിടെ നട്ടുച്ചക്കും നട്ടപ്പാതിരക്കും ചില അമാനുഷിക ശക്തികൾ ഇറങ്ങി നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞ് കിടക്കുന്ന, കരിമ്പാറകളിൽ പുല്ലുമാത്രം വളരുന്ന, വിശാലമായ ആ പറമ്പിൽ‌കൂടി ഒറ്റക്കു നടക്കുന്നവരെ വഴിതെറ്റിച്ചു വിടുന്ന ദേവന്മാരുടെയും ദേവിമാരുടെയും വിഹാര സ്ഥലമാണവിടം. ധൈര്യശാലിയാണെന്ന് പൊങ്ങച്ചം പറഞ്ഞ് അർദ്ധരാത്രിയിൽ അമ്മൂപ്പറമ്പിലൂടെ നടന്ന ഒരു യുവാവ്, അവന്റെ മുന്നിൽ നടക്കുന്ന സുന്ദരിയുടെ പനങ്കുല പോലുള്ള മുടിയുടെ പിന്നാലെ നടന്ന് വഴി മാത്രമല്ല, താളവും‌തെറ്റിയ സംഭവം നാട്ടുകാർക്കറിയാം. ഏതായാലും എട്ട് സുന്ദരികളും ആ വഴി പോകാൻ തയ്യാറല്ല; ചിലപ്പോൾ ഏതെങ്കിലും ഗന്ധർവൻ പിന്നാലെ കൂടിയാൽ എട്ടും, എട്ട് വഴിയിലേക്ക് ഓടും.

 

               പിന്നെയുള്ള നേർവഴി ഹൈസ്ക്കൂളിന്റെ മുന്നിലൂടെയാണ്. നമ്മളിൽ ആറ് സുന്ദരികൾ അവിടെ പഠിച്ചവരാണ്. സർക്കാർ ഹൈസ്ക്കൂളിന് മതിലുകളില്ലാത്തതിനാൽ ഞങ്ങൾ സ്ക്കൂളിനു മുന്നിലൂടെ എളുപ്പം നടന്നപ്പോൾ റെയിൽ‌പാളം കണ്ടു. വണ്ടിവരാത്ത നേരത്ത് തീവണ്ടിപ്പാത മുറിച്ചുകടന്ന് മുന്നോട്ട് നടക്കുമ്പോഴാണ്; അതുകേട്ടത്,,, ടാക്കിസിൽ നിന്നും ഉയരുന്ന സിനിമാഗാനം. അങ്ങനെ ചാല റോഡിൽ എത്തി, പാട്ടിന്റെ പ്രഭവസ്ഥാനം തേടിയിട്ട് പോയപ്പോൾ,,, അതാ നമ്മുടെ മുന്നിൽ നിൽക്കുന്നു; സിനിമാതീയറ്റർ,,, ദർപ്പണ.

 

                തീയറ്റർ പരിസരം കണ്ട എട്ട് സുന്ദരികളും ഒന്നിച്ചു ഞെട്ടി; മറുനാട്ടുകാരായ ഞങ്ങളെപ്പോലെ അനേകം നാട്ടുകാർ ആ പരിസരത്ത് എത്തിചേർന്നിട്ടുണ്ട്. ഗെയിറ്റ് കടക്കുമ്പോൾ‌തന്നെ ഒരു ചെറുപ്പക്കാരൻ മുന്നിൽ,

“സിനിമ കാണാനാണോ? ഇവിടെ പത്തുമിനിട്ട് മുൻപെ ഹൌസ്ഫുൾ ആയി; ഇനി വീട്ടിൽ‌പോയി ആറരയുടെ ഷോ കാണാൻ വന്നാൽ മതി. പിന്നെ വീട് അടുത്താണെങ്കിൽ സെക്കന്റ്ഷോ കാണുന്നതാവും നിങ്ങൾക്ക് സൌകര്യം”

 

                 മൂന്നര മുതൽ ആറ് മണിവരെയുള്ള സമയത്ത് സിനിമ കാണാൻ‌വേണ്ടിയാണ് ഞങ്ങൾ വന്നത്. ഇനി തിരിച്ച് പോവുകയോ? അതിന് ഞങ്ങളാരും തയ്യാറല്ല. പിന്നെ ഏതെങ്കിലും ഒരുത്തനെ സോപ്പിട്ടാൽ ചിലപ്പോൾ ടിക്കറ്റ് കിട്ടും; എന്നാൽ എട്ട് ടിക്കറ്റുകൾ ഒരിക്കലും കിട്ടുകയില്ല. ആളുകളെ അകത്താക്കി വാതിലടച്ച്; അതിന്റെ മുന്നിൽ നിൽക്കുന്ന ഗെയിറ്റ്‌കീപ്പർക്ക് ഫ്രീ ആയി ഒരു ചിരി സമ്മാനിച്ചശേഷം  ലച്ചി അടുത്തുപോയി ചോദിച്ചു,

“നമ്മൾ വളരെ ദൂരെനിന്നും നടന്നു വരുന്നതാണ്; നിങ്ങൾ വിചാരിച്ചാൽ ടിക്കറ്റ് കിട്ടുമോ?”

“എത്ര പേരുണ്ട്”

അദ്ദേഹം താല്പര്യത്തോടെ ചോദിച്ചപ്പോൾ എല്ലാവർക്കും സന്തോഷം തോന്നി.

“എട്ട്”

എട്ടെന്ന് കേട്ട് ആ മനുഷ്യന്റെ മുഖം ഇരുണ്ടു,

“ഇവിടെയിപ്പൊ എക്സ്ട്രാ പത്ത് കസേലകൂടി ഇട്ടിരിക്കയാ, ഞാൻ വിചാരിച്ചാൽ ഒന്നോ രണ്ടോ കൂടി സംഘടിപ്പിക്കാം.  നിങ്ങളിൽ രണ്ടാൾക്ക് സിനിമ കണ്ടാൽ മതിയോ?”

“അയ്യോ അതു പറ്റില്ല, നമ്മൾ ഒന്നിച്ച് വന്നവരാണ്”

അങ്ങനെ ആ വഴിയും അടഞ്ഞു.

സമീപത്തുള്ള പൂമരത്തണലിൽ നിന്നുകൊണ്ട് ഞങ്ങൾ ആലോചിക്കാൻ തുടങ്ങി. പെട്ടെന്ന് ഇഞ്ചി പറഞ്ഞു,

“നമുക്കിനി അടുത്ത ഷോ കാണാം”

“അടുത്ത ഷോ ആറരക്കാണ് തുടങ്ങുക, ഒൻപത് മണിക്ക് തീരുമ്പോൾ രാത്രിയാവില്ലെ?”

ഞാൻ ചോദിച്ചു.

“അതിനെന്താ നമ്മൾ എട്ടുപേരില്ലെ, പിന്നെന്തിന് ഭയപ്പെടണം?”

“ഏതായാലും സിനിമ കാണാൻ വന്ന നമ്മൾ കാണാതെ വീട്ടിലേക്ക് പോവില്ല;

കാര്യം നിസ്സാരം”

എല്ലാവരും ഒന്നിച്ച് പറഞ്ഞു.

 

                ആറ്‌ മണിവരെ ഇവിടെയങ്ങട്ട് ചുറ്റിപ്പറ്റി നിൽക്കാൻ ആർക്കും പ്രയാസമില്ല. എട്ട് സുന്ദരിമാരെ ഒന്നിച്ചുകാണുന്ന പുരുഷന്മാർ പലരും ഉപഗ്രഹങ്ങളെപ്പോലേ നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അതിലൊന്നും ഞങ്ങൾക്ക്,,, ഒരു പരാതിയും ഇല്ല.

അങ്ങനെ പൂമരത്തണലിൽ നിൽക്കുമ്പോൾ കൂട്ടത്തിൽ കുട്ടിയായ ബേബി ചിണുങ്ങാൻ തുടങ്ങി,

“ശ്ശോ, എന്റെ കാല് വേദന,; ഞാനിപ്പം നിലത്തിരിക്കും”

അതുകേട്ട് പരിസരനിരീക്ഷണം നടത്തിയ അജി അകലെയുള്ള ഓലപ്പുര ചൂണ്ടിക്കൊണ്ട് പറഞ്ഞു,

“അടുത്ത സിനിമ തുടങ്ങുന്നതുവരെ ഞങ്ങൾക്ക് ആ വീടിന്റെ കോലായീൽ ഇരിക്കാം”

 

               ഞങ്ങൾ നടന്നുനടന്ന് ആരോടും അനുവാദം ചോദിക്കാതെ, മുൻ‌പരിചയമില്ലാത്ത വീടിന്റെ മുറ്റത്തുകയറി. ചാണകം മെഴുകിയ തറയിൽ മുറ്റത്തുനിന്നും എടുത്ത ഉണങ്ങിയ ഇലവിരിച്ച് വരാന്തയുടെ വശങ്ങളിൽ പലയിടങ്ങളിലായി ഇരുന്നു.

രജി ഒരു സിനിമാപ്പാട്ട് മൂളാൻ തുടങ്ങി,

“മേലേ മാനത്തെ നീലിപ്പെണ്ണിന്

മഴപെയ്താൽ ചോരുന്ന വീട്,

അവളേ സ്നേഹിച്ച പഞ്ചമിചന്ദ്രന്

പവിഴം കൊണ്ടൊരു നാലുകെട്ട്”

                പാട്ടിന്റെ പാലാഴി വീട്ടിനകത്തേക്ക് ഒഴുകിയപ്പോൾ നീലക്കുയിൽ പോലുള്ള വീട്ടമ്മ അകത്തുനിന്നും ഇറങ്ങിവന്നു; ഒക്കത്തൊരു കുട്ടിക്കുയിലിനെ ഇരുത്തിയിട്ടുണ്ട്. വെറും നിലത്തിരിക്കുന്ന സുന്ദരിമാരെ ജീവിതത്തിൽ ആദ്യമായി കണ്ടപ്പോൾ അവരൊന്ന് ഞെട്ടി; ഒപ്പം കുട്ടിക്കുയിൽ പേടിച്ച് കരയാനും തുടങ്ങി.

                 പെട്ടെന്ന് അജി എഴുന്നേറ്റ് കുട്ടിയെ അവരുടെ കൈയിൽ നിന്നും വാങ്ങി. അവനെ ചിരിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്തപ്പോൾ ഫ്രന്റ്സ് ആയി മാറി. കുട്ടികളെ കണ്ടാൽ പരിസരം‌മറന്ന് അവരെ എടുക്കുന്നതും കളിപ്പിക്കുന്നതും അവളുടെ ജന്മസ്വഭാവമാണ്. കുട്ടികളെ കൊഞ്ചിക്കുന്ന അജിയുടെ ഈ സ്വഭാവം കൊണ്ട് ഒരിക്കൽ നാട്ടുകാർതമ്മിൽ അടിയോടടുത്തിരുന്നു.

 

“അയ്യോ എല്ലാരും വെറും‌നിലത്താണോ ഇരിക്കുന്നത്?”

അതും പറഞ്ഞ് അകത്തുപോയ വീട്ടമ്മ ഒരു മരക്കസേലയും രണ്ട് ഓല മെടഞ്ഞതുമായി പുറത്തുവന്നു.

അതോടെ വരാന്തയിൽ വിരിച്ച ഓലയിൽ എല്ലാവരും ഇരുന്നു; കസേലയെ എട്ട് പേരും അവഗണിച്ചു.

തുടർന്ന് ഡയലോഗ് ആരംഭിച്ചു.

“സിനിമകാണാൻ വന്നവരായിരിക്കും; അല്ലെ?”

“അതെ, ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയില്ല; ഇനി അടുത്ത സിനിമ വരെ കാത്തിരിക്കാൻ ഇവിടെ വന്നതാ”

“പുതിയ ടാക്കീസായതുകൊണ്ട് എപ്പോഴും തിരക്കാ; എത്ര പേരാ ടിക്കറ്റ് കിട്ടാതെ തിരിച്ച് പോകുന്നത്,, എല്ലാരും ദൂരേന്നായിരിക്കും,”

“അതെ, ഇനി ഞങ്ങള് അടുത്ത ഷോ കണ്ടിട്ടെ പോകുന്നുള്ളു”

“അപ്പോൾ വീട്ടിലെത്താൻ പത്തുമണി ആകുമല്ലൊ! ഒപ്പരം ആണുങ്ങളൊന്നും ഇല്ലെ?”

“നമ്മൾ എട്ടുപേരുള്ളപ്പോൾ എന്തിനാണ് ആണുങ്ങൾ?”

“എല്ലാരും ബനിയാൻ കമ്പനീലെ ജോലിക്കാരായിരിക്കും”

“ബനിയാൻ കമ്പനിലെയോ!”

             എട്ട് സുന്ദരിമാരും ഒന്നിച്ച് തലയുയർത്തി,,, കോളേജ് കുമാരിമാരായ, നാടിന്റെ ‘ഭാവി വാഗ്ദാന’ങ്ങളായ ഞങ്ങൾ സാധാ തൊഴിലാളികളോ? ആകെ ഒരു ചമ്മൽ; ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഉന്നതപദവികൾ അലങ്കരിക്കാനായി കാത്തിരിക്കുന്ന എട്ട് സുന്ദരിമാരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചമ്മൽ,,

“അതുപിന്നെ ഇങ്ങനെ പെണ്ണുങ്ങൾ ഒന്നിച്ച് സിനിമ കാണാൻ വരുന്നത്, ബനിയാൻ കമ്പനിയിലെ ജോലിക്കാരാ,, ചിലപ്പോൾ ബീഡിക്കമ്പിനിയിലുള്ളവരും ഉണ്ടാവും”

ആ വീട്ടമ്മ സ്വന്തം അറിവ് അടിസ്ഥാനമാക്കി പറഞ്ഞതാണ്.

“നമ്മളെല്ലാവരും കോളേജിൽ പഠിക്കുന്നവരാ,,”

“കോളേജിലോ”

“അതെ അഞ്ച് പേർ എസ്. എൻ. കോളേജിലും, മൂന്നു പേർ ബ്രണ്ണൻ കോളേജിലും”

ആ സ്ത്രീ വിശ്വാസം വരാതെ എല്ലാവരെയും നോക്കിയ ശേഷം അകത്തേക്ക് പോയി.

അജിയും കുട്ടിക്കുയിലും ഒന്നിച്ച് അവരുടെതായ ലോകത്താണ്,

 

               തീയറ്ററിൽ സിനിമ തുടങ്ങിയിട്ട് പാട്ടുകൾ തകർക്കുകയാണ്. കാണികളുടെ കരഘോഷവും ആർപ്പുവിളികളും മുഴങ്ങുന്നു. സിനിമാഗാനത്തോടൊപ്പം കാണികളും കൂടെച്ചേർന്ന് പാടുന്നതിനാൽ എല്ലാം‌ചേർന്ന് ആഘോഷം തന്നെ. കൂട്ടത്തിൽ ഞങ്ങളും ഇരിക്കേണ്ടതായിരുന്നു. ഓ അതിനെന്താ അല്പസമയം കാത്തിരുന്നാൽ കാണാമല്ലൊ.

               ഞങ്ങൾ പലതരം നാട്ടുവിശേഷങ്ങൾ പറഞ്ഞ് പൊട്ടിച്ചിരിക്കാൻ തുടങ്ങി. അത് കേട്ടിട്ടായിരിക്കണം അകത്തുനിന്നും  ഒരു ചെറുപ്പക്കാരൻ ഉറക്കത്തിൽ ഞെട്ടിയതുപോലെ അർദ്ധവസ്ത്രനായി പുറത്തുവന്നു. അവിശ്വസനീയമായ കാഴ്ച‌കണ്ട് ഒരു നിമിഷം അവനൊന്ന് ഞെട്ടി; എട്ട് സുന്ദരികൾ ഒന്നിച്ച് സ്വന്തം വീട്ടിൽ! സ്വബോധം വന്നപ്പോൾ അവൻ പെട്ടെന്ന് അകത്തേക്ക് ചാടി.

                അല്പസമയം കഴിഞ്ഞ് അയാൾ പുറത്തുവന്നു; പൂർണ്ണവസ്ത്രനായി ഫുൾ‌മെയ്ക്കപ്പിൽ. ഒപ്പം‌വന്ന വീട്ടുകാരി ചെറുപ്പക്കാരനെ പരിചയപ്പെടുത്തി,

“ഇതെന്റെ ആങ്ങളയാ, പേര് ദിവാകരൻ, നെയ്ത്തു കമ്പനിയിൽ മേസ്ത്രീയാ,,”

ഞങ്ങൾ അവനെ മൈന്റ് ചെയ്തില്ല; പൂവാലന്മാർ നിറഞ്ഞ കോളേജിൽ‌നിന്നും വരുന്ന ഞങ്ങളെന്തിന്,, ഈ മേസ്ത്രീയെ കടാക്ഷിക്കണം!

 

പെട്ടെന്ന് രജി പറഞ്ഞു,

“ഞങ്ങൾക്ക് എല്ലാവർക്കും ദാഹം ഉണ്ട്; ഒരു പാത്രത്തിൽ വെള്ളം കിട്ടിയാൽ കുടിക്കാമായിരുന്നു”

മലയാളം എം.എ പഠിക്കുന്നവളുടെ ചോദ്യം കേട്ടപ്പോൾ വീട്ടുകാരി അകത്തുപോയി. ഒപ്പം അവരുടെ സഹോദരൻ പഞ്ചാരച്ചാക്കുകൾ തുറക്കാൻ ആരംഭിച്ചു. പഞ്ചാരയെല്ലാം ഉറുമ്പരിക്കും എന്നായപ്പോൾ അവൻ പെട്ടെന്ന് ഇറങ്ങിപ്പോയി. അവന്റെ വീട്ടിന്റെ വരാന്തയിൽ ഇരുന്നിട്ടും അവനെ കടാക്ഷിക്കാത്ത സുന്ദരികളോട് വെറുപ്പ് തോന്നിയിരിക്കാം.

               വീട്ടമ്മ പത്തുമിനിട്ട് കഴിഞ്ഞാണ് വന്നത്, ഒരു മൺപാത്രത്തിൽ ചൂടുള്ള ചായയും ഒരു ഗ്ലാസ്സുമായി. കൂട്ടത്തിൽ മുതിർന്നവൾ ആയതിനാൽ, ആദ്യം ഒഴിച്ച ചായ എനിക്ക് കിട്ടി. പിന്നെ ഗ്ലാസ്സ് കഴുകിയ ശേഷം ഓരോ ആൾക്കും ചായ നൽകി ആ വീട്ടുകാരി ഞങ്ങളെ സൽക്കരിച്ചു.

 

               ചിരിച്ചും കളിച്ചും പാട്ടുപാടിയും സമയം പോയതറിഞ്ഞില്ല. ഒപ്പം കൂടാൻ ഒരു കുട്ടിക്കുയിൽ കൂടിയുണ്ടല്ലൊ. അഞ്ചര കഴിഞ്ഞപ്പോൾ തീയറ്റർ പരിസരത്ത് ജനസംഖ്യ പെരുകാൻ തുടങ്ങി. ആറുമണിക്ക് ഷോ കഴിഞ്ഞ് ഉടനെ അടുത്ത ഷോയുടെ ടിക്കറ്റ് വില്പന ആരംഭിക്കും. അതിനു മുൻപുതന്നെ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കണം.

കുട്ടിക്കുയിലിനെ അമ്മക്ക് വിട്ടുകൊടുത്തശേഷം നന്ദിയും റ്റാറ്റയും പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ആ വീട്ടമ്മ പറഞ്ഞു,

“സിനിമ തീരുമ്പോൾ രാത്രി നല്ല ഇരുട്ടാവുമല്ലൊ; പേടിയുണ്ടെങ്കിൽ നിങ്ങളുടെ വീടുവരെ എന്റെ ആങ്ങള ദിവാകരെനോട് വരാൻ പറയട്ടെ?”

“അയ്യോ അത് വേണ്ട; ഞങ്ങൾക്ക് കൂടെ ആരെങ്കിലും വരുന്നതാ പേടി”

അജി പറഞ്ഞപ്പോൾ അവർ പിന്നെയൊന്നും പറഞ്ഞില്ല.

 

                ആ നല്ലവരായ വീട്ടമ്മയെയും വിട്ട് എല്ലാവരും ടാക്കിസിന്റെ പൂമരത്തണലിൽ സ്ഥാനം പിടിച്ചു. അല്പസമയം കഴിഞ്ഞ് ‘ഇഞ്ചി’ ടിക്കറ്റെടുക്കാൻ വേണ്ടി കൌണ്ടറിനു മുന്നിൽ ഒന്നാം നമ്പറായി നിന്നു. ഏത് തിരക്കിലും നുഴഞ്ഞുകയറാനുള്ള സാമർത്ഥ്യം അവൾക്കുണ്ട്.

                ആറു മണി ആയതോടെ ടാക്കിസിൽ നിന്നും മണിയടി മുഴങ്ങി. വാതിലുകളെല്ലാം ഒന്നിച്ച് തുറക്കപ്പെട്ടതോടെ കണ്ണുംതിരുമ്മിക്കൊണ്ട് ഓരോരുത്തരായി പുറത്തിറങ്ങി. ഇറങ്ങിയവരിൽ പലരും റോഡിൽ കാത്തിരിക്കുന്ന ബസ്സിൽ കയറാനായി ഓടി. അപ്പോഴേക്കും ചിരിച്ചുകൊണ്ട് എട്ട് സെക്കന്റ്ക്ലാസ് ടിക്കറ്റുമായി ഇഞ്ചി വന്നു. അതോടെ എല്ലാവരും സെക്കന്റ് ക്ലാസ് വാതിലിനു മുന്നിൽ ഒന്നിനു പിറകെ ഒന്നായി നിന്നു.

ടിക്കറ്റ് കൊടുത്ത് അകത്ത് പ്രവേശനം ലഭിച്ച എട്ട് സുന്ദരികളും ഏറ്റവും പിന്നിൽ ഏതാണ്ട് നടുക്കായി ഒരേ വരിയിൽ ഇരുന്നു.

                 എല്ലാ ഇരിപ്പിടങ്ങളും നിറഞ്ഞു; ഹൌസ് ഫുൾ. അകത്ത് വെളിച്ചം അണഞ്ഞതോടെ തിരശീലയിൽ വെളിച്ചം തെളിയുകയായി; സിനിമ ആരംഭിക്കുകയാണ്. ആദ്യം പരസ്യങ്ങൾ, പിന്നെ സിനിമാ ലോകത്തേക്ക്,,

               എന്റെ കൂടെയുള്ളവരിൽ ഞാനും, എന്റെ അനിയത്തി ‘തുച്ചിയും’ ഒഴികെ എല്ലാവരും, ഇടയ്ക്കിടെ സിനിമ കാണുന്നവരാണ്. അതുവരെ ഞാൻ കണ്ടത് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം; പ്രീഡിഗ്രി പഠിക്കുന്ന അനുജത്തി ഇപ്പോൾ കാണുന്നത്, മൂന്നാമത്തെ സിനിമ.

 

              നസീറും ബാലചന്ദ്രമേനോനും അഭിനയം തകർക്കുകയാണ്. ലക്ഷ്മിയും സുകുമാരിയും അമ്മ വേഷത്തിൽ രണ്ട് ഭാവത്തിൽ അഭിനയിക്കുന്നു. ജലജയും പൂർണ്ണിമയും സഹോദരിമാരാണെങ്കിലും വേറിട്ട സ്വഭാവങ്ങൾക്ക് ഉടമയാണ്. അങ്ങനെ രണ്ടര മണിക്കൂർ അവരോടൊത്ത് ഞങ്ങളും മനസ്സുകൊണ്ട് അഭിനയിച്ചു, ജലജയുടെയും ലാലു അലക്സിന്റെയും കൂടെ “താളം ശ്രുതിലയ താളം”പാടി; ഡാൻസ് ചെയ്യുമ്പോൾ കൈകൊട്ടി ചിരിച്ചു.

               ഒടുവിൽ സിനിമ കഴിഞ്ഞ് മണിയടി കേട്ടപ്പോഴാണ് എട്ട് സുന്ദരികൾക്കും പരിസരബോധം വന്നത്. പതുക്കെ എല്ലാവരും തീയറ്ററിൽ നിന്ന് പുറത്തിറങ്ങി. അപ്പോൾ അടുത്ത സിനിമക്കുള്ള കാണികളെകൊണ്ട് തീയറ്റർ പരിസരം നിറഞ്ഞിരുന്നു.

 

സമയം രാത്രി ഒൻപത് മണി കഴിഞ്ഞു.

സ്ട്രീറ്റ്‌ലൈറ്റിനപ്പുറത്തെ ഇരുട്ടിൽനിന്നും പഞ്ചമിചന്ദ്രൻ സുന്ദരിമാരെ നോക്കി ചിരിക്കുകയാണ്. അതോടൊപ്പം ഒരു ചോദ്യവും, ‘ഈ വെളിച്ചം മതിയാവുമോ വീട്ടിലെത്താൻ?’

കൂടെ എല്ലാവരും ഉണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം ‘രജി’ പറഞ്ഞു,

“വേഗം നടന്നാൽ പത്തുമണിക്ക് വീട്ടിലെത്താം”

“അപ്പോൾ ഇരുട്ടത്ത് ഒരു ചൂട്ടയെങ്കിലും കത്തിക്കണ്ടെ?”

ലച്ചിയുടെ സംശയം പുറത്തുവന്നു.

“ഞങ്ങൾക്ക് ചായ തന്ന വീട്ടിൽതന്നെ പോയി കുറച്ച് തെങ്ങോല സംഘടിപ്പിക്കാം”

രജി അഭിപ്രായം പാസ്സാക്കിയപ്പോൾ എല്ലാവരും ആ വീട്ടിലേക്ക് മാർച്ച് ചെയ്തു.

                വീട്ടുകാരിയും ഭർത്താവും ഞങ്ങളെ കാത്തിരിക്കുന്നതു പോലെ ഉറങ്ങാതെ വരാന്തയിൽ ഇരിപ്പാണ്. അടുത്ത ഷോ കാണാൻ ആളുകൾ തീയറ്ററിനകത്ത് കയറിയിട്ട് വേണം അവർക്കുറങ്ങാൻ. ആവശ്യം പറഞ്ഞപ്പോൾ അവർ ഒന്നിനു പകരം നാല് ഓലച്ചൂട്ട കെട്ടിത്തന്നു. അഞ്ചാമതൊന്നിനെ ചിമ്മിനി വിളക്കിന് കാണിച്ച് അഗ്നിസഹിതം ലച്ചിക്ക് നൽകി.

 

                അങ്ങനെ എട്ട് സുന്ദരികൾ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഓലച്ചൂട്ട് കത്തിച്ച് റോഡിൽ നിന്നും ഇടവഴികളിലൂടെ  പാട്ടുപാടി താളം പിടിച്ച് നടക്കാൻ തുടങ്ങി,

“കൺ‌മണി പെൺ‌മണിയെ,,,

 കൊഞ്ചിനിന്ന പഞ്ചമിയേ,,,”

                വന്ന വഴികളിലൂടെ നടന്നപ്പോൾ ഒടുവിൽ സ്വന്തം ഗ്രാമത്തിലെത്താറായെന്ന് എട്ട് സുന്ദരിമാരും തിരിച്ചറിഞ്ഞു. അറിയിച്ചതാവട്ടെ കടൽക്കാറ്റും കടലിന്റെ ശബ്ദവും. അതിനിടയിൽ ഒരുകാര്യം പറയാൻ വിട്ടുപോയി; രണ്ട് തവണ ചൂട്ട കെട്ടു (തീ അണഞ്ഞു). അപ്പോഴൊക്കെ പരിസരത്ത് കാണുന്ന വീടുകളിൽ കയറിയിട്ട് തീ കത്തിച്ചു. രണ്ടാമത്തെ വീട്ടിൽ നിന്നും കുറച്ച് ഓലയും ഒരു തീപ്പെട്ടിയും തന്നു.

 

                 ഇനിയങ്ങോട്ട് കുന്നിറങ്ങി വയൽ വരമ്പിലൂടെയാണ് യാത്ര. എങ്ങും തവളകളുടെ പാട്ടുകച്ചേരി തന്നെ. വെളിച്ചം കാണുന്ന തവളകൾ വഴിമാറാതെ മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ ‘അമി’ പറഞ്ഞു,

“പെൺ കുട്ടികൾ രാത്രി ഇറങ്ങി നടക്കുന്നത് കണ്ടിട്ട് തവളകളെല്ലാം ആശ്ചര്യപ്പെട്ടിരിക്കയാ”

                 അല്പം അകലെ നെൽച്ചെടികൾക്കിടയിൽ ഒരു അനക്കം; ഒപ്പം തവളയുടെ ഭീകരമായ കരച്ചിൽ. അതുകണ്ട് മുന്നോട്ട് നീങ്ങിയ അജിയെ ‘രജി’ പിടിച്ചു നിർത്തി,

“നീർക്കോലിയാണെന്ന് വിചാരിച്ച് അങ്ങോട്ട് പോകേണ്ട; രാത്രി പുറത്തിറങ്ങുന്ന നീർമണ്ഡലിക്ക്, ഡിഗ്രി സുവോളജി പഠിക്കുന്ന ആളാണെന്ന് മനസ്സിലാവില്ല. കടിച്ചാൽ കുമാരൻ വൈദ്യർ വിചാരിച്ചാലും വിഷം ഇറക്കാൻ കഴിയില്ല”

                 നെൽ‌വയൽ മുറിച്ചുകടന്ന് പീച്ചതോടിലെ ആഴം‌കുറഞ്ഞ വെള്ളത്തിൽ ഇറങ്ങി നടന്നുകയറിയിട്ട് എല്ലാവരും അവരവരുടെ വീടുകളിൽ എത്തി. അത്രയും‌നേരം ഉറങ്ങാതെ കാത്തിരിക്കുന്ന വീട്ടുകാർ കാര്യങ്ങൾ അന്വേഷിച്ചു. അല്പം ഭയപ്പെട്ടെങ്കിലും എട്ട് സുന്ദരികൾ ഒന്നിച്ച് പോയതുകൊണ്ട് വഴക്ക് പറയാനുള്ള സാഹചര്യം രക്ഷിതാക്കൾക്ക് ഉണ്ടായില്ല. വീട്ടുകാരോട് സിനിമാക്കഥ ആദ്യാവസാനം‌ വരെ പറഞ്ഞതിനു ശേഷമാണ് ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങിയത്.

 

***

കാലത്തിന്റെ കുത്തൊഴുക്കിൽ, തീയറ്ററിൽ പോയി കുടുംബസമേതം സിനിമ കാണുന്ന ഗ്രാമീണരുടെ ജീവിതശൈലി അവസാനിച്ചു. പുത്തൻ കാലഘട്ടത്തിലെ സിനിമാലോകം ഓരോ വീട്ടിലെയും ടീവി സ്ക്രീനിൽ കുടുങ്ങിക്കിടക്കുകയാണ്.

               കടന്നുപോയ സുവർണ്ണകാലത്തിന്റെ ഓർമ്മ‌പ്പെടുത്തലുകളുമായി എട്ടു സുന്ദരികൾ ചേർന്ന സിനിമാലോകം മലയാളികളുടെ മുന്നിൽ സമർപ്പിക്കുന്നു.


User Menu