അനുഭവം

അനുഭവങ്ങൾ, സ്മരണകൾ | ഓർമ്മ - അതാണ് കാലം. ഓർമ്മകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.

ഒരു പ്രണയ തീരം

User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

‘പ്രണയ തീരം‘ എന്നത് , എന്റെ നാടായ കണിമംഗലത്തുള്ള ഒരു കൊച്ചുവീടിന്റെ പേരാണ്... ഈ പേര് പൊലെ തന്നെ പ്രണയം അനർഗനിർഗളം ഒഴുകി കൊണ്ടിരുന്ന  ഒരു അനുരാഗ നദിയുടെ തീരം തന്നെയാണ് ആ പ്രണയ ഗൃഹം ...! പ്രണയം എന്നും തുളുമ്പി നിൽക്കുന്ന ഈ സ്നേഹതീരത്തുണ്ടായിട്ടുള്ള സംഭവ വികാസങ്ങളൊക്കെ വെറുതെ ഒന്ന് എഴുതിയിടുവാൻ മോഹം തോന്നിയപ്പോൾ...

ഒരു വക ഏച്ചുകെട്ടലുകളും , കൂട്ടി ചേർക്കലുകളുമില്ലാതെ ആയതൊക്കെ പകർത്തിവെക്കാനുള്ള എന്റെ ഒരു പാഴ് ശ്രമമെന്നും ഇതിനെ വിശേഷിപ്പിക്കാം കേട്ടൊ കൂട്ടരെ ...

മൂന്നര പതിറ്റാണ്ട് മുമ്പ് , തൃശൂരുള്ള  ഒരു വമ്പൻ തുണിപ്പീടികയിലെ മൊത്ത കച്ചവടവിഭാഗത്തിൽ കണക്കെഴുത്തുകാരനായിരുന്ന പെരേപ്പാടൻ ജോണ്യേട്ടൻ ,നെല്ലിക്കുന്നിലെ തന്റെ തറവാട് , ഭാഗം വെച്ച്കിട്ടിയ പൈസകൊണ്ട് , കണിമംഗലത്തെ ‘മുണ്ടേപ്പാട്ട് മന‘ക്കാരുടെ കയ്യിൽ നിന്നും ഒരു പത്ത് പറ കണ്ടം വാങ്ങി , പുര വെച്ച് , പുത്തനച്ചിയായ സുന്ദരിയായ സിസിലേടത്തിയുമായി പാർപ്പിടം തുടങ്ങിയ സ്ഥലത്താണ് ഈ ‘പ്രണയ തീരം‘ കുടികൊള്ളുന്നത്... പണ്ട് ; മനക്കാരിവിടെ ഞാറ് നടാനും, ശേഷം ഇടവിളകളായി പയറ് , ഉഴുന്ന് , മുതിര, എള്ള് , കൂർക്ക മുതലായ  കൃഷികളൊക്കെ ചെയ്യുവാൻ ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്... അവിടത്തെയൊക്കെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ പുതുതലമുറ,  തൊട്ടടുത്ത തൃശൂർ ടൌണിലെ , പീടിക തൊഴിലാളികളും , മറ്റുമായി അവരുടെയൊക്കെ തൊഴിൽ മേഖല പറിച്ചു നട്ടപ്പോൾ , മനക്കാരുടെ തരിശായി കിടന്ന ആ പാട്ട ഭൂമിയാണ് ജോണ്യേട്ടന് , ചുളു വിലക്ക് , അന്ന് കിട്ടിയത്...!

ഈ പരിസരത്തുള്ള കണ്ടങ്ങളിലും മറ്റും , ബാല്യകാലങ്ങളിലൊക്കെ മഴക്കാലത്ത് തൊട്ടടുത്ത കടാംകുളത്തിൽനിന്നും വെള്ളം ഒഴുകിവരുന്ന വലിയ തോട്ടിലും , ചെറിയോട്ടിലുമൊക്കെ  ഞങ്ങളൊക്കെ എത്ര തവണ കുത്തിമറിഞ്ഞ് നീന്തിയും, കുളിച്ചും, കളിച്ചും,  മീൻ പിടിച്ചും അടിച്ച് തിമർത്ത്  വിളയാടിയതൊക്കെ ഈ വേളയിലിപ്പോൾ ഓർമ്മയിലേക്ക് ഓളം തല്ലി ഓടിയെത്തികൊണ്ടിരിക്കുകയാണ്...

നമ്മുടെ ജോണ്യേട്ടൻ , പിന്നീട് വീടുപണിയൊക്കെ  തീർന്നതോടെ കടം മൂലം വീർപ്പുമുട്ടിയപ്പോൾ , കണിമംഗലം സ്കൂളിലെ വിശാലാക്ഷി ടീച്ചർക്കും , ഭർത്താവ് മേനേൻ മാഷ്ക്കും , ആ സ്ഥലത്തുനിന്നും , 50 സെന്റ് സ്ഥലം , അപ്പോൾ മുറിച്ച് വിറ്റു. അവിടെ മേനോൻ മാഷ് പണിതീർത്ത ഒരു ‘ത്രീ ബെഡ് റൂം ടെറസ്‘ വീടിനിട്ട പേരാണ് കേട്ടൊ ഈ ‘പ്രണയ തീരം‘... ലീഡർ കരുണാകരന്റെ വാഗ്ദാനത്താൽ  , പോലീസ് ഇൻസ്പെക്ട്ടർ ഉദ്യോഗം മോഹിച്ച്, അത് കിട്ടാതെ വന്നപ്പോൾ കൊഴകൊടുത്ത് , കണിമംഗലം എസ്.എൻ ഹൈസ്കൂളിൽ കണക്കദ്ധ്യാപകനായി തീർന്ന ചുള്ളനായ  ഈ മേനോൻ മാഷിനെ , ആ സ്കൂളിലെ തന്നെ ടിപ്പ് ചുള്ളത്തിയായ വിശാലാക്ഷി ടീച്ചർ,  അനുരാഗ വിലോചനയായി  ; തന്റെ വിശാല മായ അക്ഷികൾ കൊണ്ട് വശീകരിച്ച് , പിന്നീടെപ്പോഴോ കല്ല്യാണത്തിലെത്തിക്കുകയായിരുന്നു...!

അന്യജാതിയിൽ പെട്ട ഒരുവളെ , കെട്ടിയപ്പോൾ മേനോൻ മാഷിന്റെ , മാളയിലുള്ള വീട്ടുകാരും , മാഷെ പുറത്താക്കി വാതിൽ കൊട്ടിയടച്ചു. അങ്ങിനെയാണ് മേനേൻ മാഷ് തന്റെ പ്രണയ തീരം , ഞങ്ങളുടെ കണിമംഗലത്ത്  പണിതുയർത്തിയത്. നല്ലോരു കൃഷി വല്ലഭർ കൂടിയായ ജോണ്യേട്ടനും , ഭാര്യ സിസിലേടത്തിക്കും , സ്വന്തം ബന്ധുക്കളേക്കാൾ പ്രിയപ്പെട്ടവർ തന്നെയായിരുന്നു ഈ വിരുന്നുവന്ന നല്ല അയലക്കക്കാർ , അതുപോലെ തന്നെയായിരുന്നു ഈ ടീച്ചർ ദമ്പതികൾക്ക് അവരും... കൃഷി തല്പരനായ മാഷും കൂടി ചേർന്നപ്പോൾ ,വളരെ കുറഞ്ഞസമയം കൊണ്ട് അവരുടെ  പുരയിടം ഒരു ജൈവ കൃഷിയിടമായി മാറി ...

വീക്കെന്റുകളിലും , മറ്റും ഈ നാല് അദ്ധ്വാനികളേയും ; കളയും,   നനയും മൊക്കെയായി എപ്പോഴും അവരുടെ പുരയിടങ്ങളിൽ കാണാറുണ്ട്... പിന്നീട് മാഷ് വളർത്തിയ പശുവും, സിസിലേടത്തിയുടെ ആടുകളും ആ പരിസരത്തൊക്കെ ശുദ്ധമായ പാലിന്റെ ഒരു ധവള വിപ്ലവം തന്നെ സൃഷ്ട്ടിച്ചു. ആട്ടുമ്പാല് , നാടൻ കോഴിമുട്ട , നല്ല നാടൻ പച്ചക്കറികൾ എന്നിവയൊക്കെ വാങ്ങാനും മറ്റും നാട്ടുകാരാരെങ്കിലും എപ്പോഴും ആ വീടുകളിലുണ്ടാകും ... കുട്ടിക്കാലത്തൊക്കെ ആ പുരയിടത്തിലുള്ള ‘കാള തേക്കും , കൊട്ട തേക്കു‘ മൊക്കെ കണ്ട് രസിക്കാൻ ഞങ്ങൾ അവിടെ ചിലപ്പോഴൊക്കെ ചേക്കേറാറുണ്ട് .  അവിടെ വിളയുന്ന മത്തനും , കുമ്പളവും, അമരക്കായും, ചീരയും, വഴുതനയും , പപ്പായും, വെണ്ടക്ക, മുരിങ്ങക്ക എന്നിവയൊക്കൊ അപ്പപ്പോൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു... ജോണ്യേട്ടന്റെ മക്കളായ ഡെന്നീസിനും, ഡെൽബർട്ടിനും മറ്റൊരമ്മയായിരുന്നു വിശാലാക്ഷി ടീച്ചറായ ടീച്ചറമ്മ , ഒപ്പം ഡെൽബർട്ടിന്റെ സമ പ്രായക്കാരിയായി ടീച്ചറമ്മക്കുണ്ടായ ശ്രീദേവിക്കും , പിന്നീടുണ്ടായ ദേവദാസിനും ഈ അയലക്കക്കാർ അമ്മച്ചിയും , അപ്പച്ചനും തന്നെയായിരുന്നു...! ഓണക്കാലത്തൊക്കെ രണ്ട് വീടിന്റെ തിരുമുറ്റത്ത് വാദിച്ചിടുന്ന പൂക്കളങ്ങൾ, കൃസ്തുമസ്സിന് രണ്ട് വീട്ടിലും ഉയർത്തുന്ന നക്ഷത്രങ്ങൾ...

പെരുനാളും, പൂരവും, ഓണവും , ഈസ്റ്ററും , വിഷുവും, കൃസ്തുമസ്സുമൊക്കെ ഒന്നിച്ച്   കൊണ്ടാടുന്ന ഈ രണ്ട് വീട്ടുകാരും , നാട്ടിലെ ഏറ്റവും നല്ല മാതൃകാ അയൽക്കാർ തന്നെയായിരുന്നു...! ഇന്നൊക്കെ മഷിയിട്ട് നോക്കിയാൽ കാണാൻ പറ്റുമോ ഇതുപോലെക്കെയുള്ള നല്ല അയൽക്കാരെ..? കാലം ഉരുണ്ടുകൊണ്ടിരുന്നൂ... അവരൊക്കെ ചേർന്ന്,  അന്ന് നട്ട് വളർത്തിയ പ്ലാവുകളും , മാവുകളും , സപ്പോട്ടമരവും , കട ചക്ക പ്ലാവും , ജാതി തൈകളും , പുളിമരവും, ഇരുമ്പൻ പുളി യുമൊക്കെ തഴച്ച് വളർന്ന് , പിന്നീട് ഒരു ഫല പൂങ്കാവനമായ , അവരുടെ പുരയിടം പോലെ തന്നെ... അവരുടെ മക്കളും വളർന്ന് വലുതായിട്ട് ബിരുദങ്ങളെടുത്ത് ആ മാതാപിതാക്കൾക്ക് അഭിമാനമായി മാറി ... ഡെന്നീസ് പോസ്റ്റ് ഗ്രാജുവേഷൻ പാസായി... ശ്രീദേവി ഇലക്ട്രോണിയ്ക്കൽ എഞ്ചിനീയറായി...

ഡെൽബർട്ട് കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയെടുത്തു... പിന്നെ റാങ്കോടെ പാസായി , ദേവദാസ് മെഡിക്കൽ ബിരുദമെടുത്തു... തൊട്ടയൽവക്കത്തുള്ള സുന്ദരിയും , സുശീലയുമായ കളിക്കൂട്ടുകാരിയായ ശ്രീദേവിയോട് , ഡെന്നീസിന് ചെറുപ്പം മുതൽ തന്നെ ഒരു പ്രത്യേക തരം ആരാധനയായിരുന്നു.  ഈ ആരാധന വളർന്ന് വലുതായി പുഷ്പിക്കുവാൻ വേണ്ടി മൊട്ടിട്ടെങ്കിലും , ഒരിക്കലും ആയതൊരു പ്രണയ പുഷ്പ്പമായി വിടർന്ന് പ്രണയഗന്ധം ഒട്ടും പരത്തിയില്ല താനും.. കാരണമെന്തെന്നാൽ  ഡെന്നീസിനൊരിക്കലും തന്റെ ഇഷ്ട്ടസഖിയോട്, അതൊന്ന് തുറന്ന് പറയുവാൻ , ഇഷ്ട്ടന്റെ ചങ്കിടിപ്പും , മുട്ട് കൂട്ടിയിടിക്കലുമൊക്കെ കാരണം നടന്നില്ല എന്നതാണ് വാസ്തവം ...!

ആ അവസരത്തിൽ ,  ശ്രീദേവി എഞ്ചിനീയറിങ്ങ് കോളേജിലുണ്ടായിരുന്ന തന്റെ സീനിയറായ ഒരു സഹപഠനം  നടത്തുന്ന ഒരുവനെ ജാതിയൊന്നും നോക്കാതെ തന്നെ ജീവിത പങ്കാളിയായി തെരെഞ്ഞെടുത്തപ്പോഴാണ് ... മൂ‍നാലുകൊല്ലം ഡെന്നീസ് തീർത്തും പ്രേമനൈര്യാശത്താൽ വിഷാദ കാമുകനായി നടന്നതും , പ്ന്നീടെപ്പോഴൊ വെസ്റ്റേൺ റെയിൽവേയിൽ , ഗാർഡ് ഉദ്യോഗം കിട്ടിയപ്പോൾ പൂനയിലേക്ക് നാട് കടന്നതും, ശേഷം അവിടെ സെറ്റിൽചെയ്തതും .. ഇപ്പോൾ  മൂപ്പർ  മഹാരാഷ്ട്രയിൽ ജനിച്ചുവളർന്ന സൂസിയെ കെട്ട്യോളാക്കി , രണ്ട് മുതിർന്ന കുട്ടികളോടൊപ്പം, ഒരു  മറുനാടൻ മലയാളിയായി പൂനയിൽ സ്ഥിര താമസമാക്കി കഴിഞ്ഞിരിക്കുകയാണ്...

എന്നാലോ ഇദ്ദേഹത്തിനേയും  ഇഷ്ട്ടപ്പെട്ടിരുന്ന , മൂപ്പരുടെ  കടിഞ്ഞൂൽ വൺവേ പ്രണയ നായികയായ ശ്രീദേവി , ഇന്ന്  തന്റെ മാരനും  , മക്കൾക്കുമൊപ്പം ഡൽഹിയിൽ നല്ല ഒരു എഞ്ചിനീയർ ദമ്പതികളായി സസുഖം വാഴുന്നു. ഡെൽബർട്ടാണെങ്കിലോ ,  കുവൈറ്റിൽ പോയ സമയത്ത് അവിടെ ജോലിയുണ്ടായിരുന്ന  ഒരു പെന്തിക്കോസ് കാരി നേഴ്സിനെ ലൈനാക്കി , എട്ട് കൊല്ലം മുമ്പ് അങ്ങോട്ട്  മാർഗം കൂടി , വിവാഹം ചെയ്ത് , രണ്ട് കൊല്ലത്തെ കുവൈറ്റിലെ  പ്രവാസം മതിയാക്കി,  ശേഷം അമേരിക്കയിലേക്ക് കുടിയേറി , ഇപ്പോൾ യു.എസിലുള്ള കാലിഫോർണിയയിലാണ്.. കുട്ടികളെ  പരിചരിക്കുന്നതിനായി ഇഷ്ട്ടന്റെ അമ്മായിയമ്മയും അവരുടെ ഫേമിലിയോടൊപ്പം അവിടെയുണ്ട് കേട്ടൊ ദേവദാസിന്റെ കഥ , ഞാൻ സങ്കര ചരിതം എന്ന ലേബലിൽ , എന്റെ ബിലാത്തിപട്ടണത്തിലെ ഒരു മുൻ പോസ്റ്റിൽ എഴുതിയിട്ടിട്ടുണ്ടായിരുന്നുവല്ലോ . എം.ബി.ബി.എസ് -ന് ശേഷം , നാട്ടിലെ ഒരു അബ്ക്കാരി കോണ്ട്രാക്റ്റർ...

സ്ത്രീധനം കൊണ്ട് , ഈ പയ്യനെ വിലക്ക് വാങ്ങി , യു.കെയിലേക്ക് ഉപരി പഠനത്തിന്  വിട്ടെങ്കിലും , ആ കല്ല്യാണം മുട്ട തട്ടെത്താതെ പിരിഞ്ഞപ്പോൾ ... ഇംഗ്ലണ്ടിലുണ്ടായിരുന്ന , ഒരു പാക്കിസ്ഥാനി ഡോക്ട്ടറായ സൈറയെ  നിക്കാഹ് കഴിച്ച് , ഇപ്പോൾ  യൂ.കെയിലെ ‘ഗ്ലോചെസ്റ്ററി‘ൽ മകൻ ആദിത്യക്കൊപ്പം കുടുംബമായി സെറ്റിൽ ചെയ്തിരിക്കുകയാണ് എന്നാൽ ജീവിതത്തിൽ ദുരന്തങ്ങൾ എപ്പോൾ , എങ്ങിനെ വരുമെന്നാർക്കറിയാം അല്ലേ..? കഴിഞ്ഞ കൊല്ലം 2012 - ജനുവരിയിൽ മേനോൻ മാഷുടെ , ഗഹനമായി ആഘോഷിച്ച ഷഷ്ട്ടിപൂർത്തിയാഘോഷങ്ങൾക്ക് ശേഷം പിറ്റേന്റെ , പിറ്റേന്ന് കലശലലായ നെഞ്ചുവേദനയെ തുടർന്ന് ജോണ്യേട്ടനെ , എലൈറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും , അപ്പോഴേക്കും മൂപ്പരുടെ ആത്മാവ് നിത്യശാന്തി നേടി ഭൂലോകം വിട്ട് പോയി കഴിഞ്ഞിരുന്നൂ..! ജീവിതത്തിൽ ഇതുവരെ , ഒരു നീരുവീഴ്ച്ച പനി വന്ന് പോലും , ഒരു ഡോക്ട്ടറേയൊ , ആശുപത്രി വാസമോ ഇല്ലാത്ത ആളായിരുന്നു ഈ പെരേപ്പാടൻ ജോണ്യേട്ടൻ...!

അദ്ദേഹത്തിന്റെ ആത്മാവിന് ആദരാജ്ഞലികൾ അർപ്പിച്ചു കൊള്ളുന്നൂ... അതിന് ശേഷം മൂന്നാല് മാസങ്ങൾക്ക് ശേഷം , ദേവദാസാണെന്നെ വിളിച്ച് പറഞ്ഞത് ; സ്വന്തം അമ്മയുടെ  രോഗവിവരം - ഗർഭപാത്രത്തിലുണ്ടായ ഒരു മുഴയെ തുടർന്ന് യൂട്രസ് എടുത്ത് കളയുന്ന സമയത്ത് നടത്തിയ ബയോപ്സിയുടെ റിപ്പോർട്ടിൽ വിശാലാക്ഷി ടീച്ചറുടെ ശരീരത്തിൽ വ്യാപിച്ച അർബ്ബുദരോഗത്തെ കുറിച്ച് ! അമല ആശുപത്രിയിൽ റേഡിയേഷൻ നടത്തുന്ന വേളയിലൊക്കെ , ദേവദാസും കുടുംബവും , ഒന്ന് രണ്ട് തവണ  യൂ.കെയിൽ നിന്നും ടീച്ചറേ കാണുവാൻ നാട്ടിൽ പോയി വന്നിരുന്നു. ജോണ്യേട്ടന്റെ മരണശേഷം , വീട്ടീലെ വേലക്കാരിയോടൊപ്പം താമസിച്ചിരുന്ന സിസിലേടത്തി തന്നെയാണ് , ടീച്ചർക്ക് എല്ലാ ആതുരശുശ്രൂഷകളും ഒരു കോട്ടവും കൂടാതെ അപ്പോഴൊക്കെ നടത്തി പോന്നിരുന്നത് ... പിള്ളേരുടെ  ടെന്റ്ത്ത് പഠനവും , പ്ലസ്സ് ടൂ പരീക്ഷകളുമൊക്കെ കാരണം , മകൾ ശ്രീദേവിക്ക് പോലും , സ്വന്തം അമ്മയെ പൂർണ്ണമായി അടുത്ത് വന്ന് , നിന്ന് പരിചരിക്കുവാനോ , ശുശ്രൂഷിക്കുവാനോ സാധിച്ചിരുന്നില്ല. എന്തിന് പറയുവാൻ കഴിഞ്ഞവർഷം നവമ്പർ മാസത്തിൽ , ഒരു നവമ്പറിന്റെ നഷ്ട്ടംപോലെ, വിശാലാക്ഷി ടീച്ചറും ഇഹലോകവാസം വെടിഞ്ഞു...എന്റെ പ്രിയപ്പെട്ട ഈ ടീച്ചറുടെ പുണ്യാത്മാവിന് എന്നുമൊന്നും നിത്യശാന്തി ലഭിക്കട്ടെ... ബാഷ്പാജ്ഞലികൾ..

അന്യോനം അറിഞ്ഞും സ്നേഹിച്ചും മൂന്ന് പതിറ്റാണ്ടിലേറെ ജീവിച്ച് , ഇപ്പോൾ വിരഹത്താൽ വീർപ്പുമുട്ടികൊണ്ടിരിക്കുന്ന എന്റെ നാട്ടുകാരായ നല്ല അയൽക്കാരായ , ഈ സീനിയർ സിറ്റിസൺസിനെ കാണുവാനും, ദു:ഖം പങ്കിടുവാനും ഡിസംബറിൽ , ഞാൻ നാട്ടിലെത്തിയപ്പോൾ ഈ പ്രണയ തീരത്ത് നേരിട്ട് ചെന്നിരുന്നു.. ( ഇനിയെങ്ങാനും ഇവർ രണ്ട് പേരും മക്കളുടെയടുത്തേക്ക് ഇനിയുള്ള വാർദ്ധക്യം , അടിച്ച് പൊളിക്കുവാൻ സ്കൂട്ടാകുകയാണെങ്കിൽ , ഇവരുടെ സൂപ്പറായ പുരയിടവും , ഈ സ്നേഹതീരവും ചീപ്പായി .. ഇസ്കാം എന്നുള്ള ഒരു ദുഷ്ട്ട ബുദ്ധിയും അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു.. കേട്ടൊ )

എന്നാലോ  പിന്നീടുണ്ടായത് എന്താണ്..? ഇക്കൊല്ലം വാലന്റയിൻ ഡേയ്യുടേ പിറ്റേന്ന് ഞങ്ങൾ കണിമംഗലത്ത്കാരുടെ ‘വേലാണ്ടി ദിന‘ മായ കുംഭമാസത്തിലെ വലിയാലയ്ക്കൽ ദേവി ക്ഷേത്രത്തിലെ അശ്വതി വേലയുടെ അന്ന് , രണ്ട് മതത്തിൽ വിശ്വസിച്ചിരുന്ന ഒരു  പ്രണയജോഡികൾ ,കൂർക്കഞ്ചേരി അമ്പലത്തിൽ പോയി പരസ്പരം മാലയിട്ട് ദമ്പതിമാരായി തീർന്നു...! ശ്രീനാരായണ ഗുരു സ്ഥാപിച്ച ഈ സ്ഥാപനത്തിൽ ... ജാതിയും , മതവും , കൊതവുമൊന്നും ഒരു പ്രശ്മമില്ലാത്തതിനാലാവം വളരെ ശുഷ്കമായി കൊണ്ടാടിയ ഈ കല്ല്യാണ കച്ചേരിയിൽ വരന്റേയും , വധുവിന്റേയും ഭാഗത്ത് നിന്ന് വെറും രണ്ട് കാറോളം ആളുകൾ മാത്രമേ പങ്കെടുത്തുള്ളൂ. അതും ഉറ്റ ബന്ധുക്കൾ മാത്രം ..! വരൻ  :- തിരുവനന്തപുരം ലോഡ്ജ് എന്ന സിനിമയിലെ 999 ന്റെ വീരവാദം പറഞ്ഞ് നടക്കുന്ന നടന്റെ രൂപഭാവങ്ങളുള്ള ഇമ്മടെ മേനേൻ മാഷ് ...! വധു  :- ഇപ്പോഴത്തെ സിനിമാ നടി/അവതാരകയായ  റീന ബഷീറിന്റെ രൂപ സാദൃശ്യ-സംഭാഷങ്ങൾ അതേ പോലെയുള്ള സിസിലേടത്തി , മുടി രണ്ട് സൈഡിലും ഇത്തിരി നരച്ചിട്ടുണ്ട് എന്ന് മാത്രം...! ഈ പ്രണയതീരത്തിന്റെ മണ്ണിൽ പൊന്ന് മാത്രമല്ല , പ്രണയവും അസ്സലായി വിളയുമെന്ന് ഇതിൽ പരം എന്ത് തെളിവ് വേണം ...! !

പരസ്പരം പൂവണിയാതെയിരുന്ന പ്രണയം മക്കളാൽ പൂവണിഞ്ഞത് കണ്ട്  നിവൃതി  നേടിയ , രണ്ട് പൂർവ്വകാല കാമുകികാമുകന്മാരുണ്ട് ...ഞങ്ങളുടേ ഈ കണിമംഗലത്ത് ...! പക്ഷേ മക്കൾക്ക് പറ്റാത്തത് , മാതാപിതാക്കൾ നേടിയ ഒരു പ്രണയ സാക്ഷാൽക്കാര ചരിത്രം കണിമംഗലത്ത് ആദ്യമാണ്... അതുകൊണ്ട് കണിമഗലത്തിന്റെ പ്രണയകിരീടത്തിൽ ഞങ്ങൾ ഈ യഥാർത്ഥ കഥയായ ഈ പ്രണയ തൂവൽ  കൂടി തുന്നിച്ചേർക്കുകയാണ് വയസ്സുകാലത്ത് ഈ  ഒറ്റപ്പെട്ട മാതാവിനേയും, പിതാവിനേയും ഒറ്റക്ക് ഒറ്റക്ക് ജീവിക്കാനുവദിക്കാതെ , ഒന്നിച്ച് ജീവിക്കുവാൻ പ്രേരണയും അനുവാദവും കൊടുത്ത്, അവരെ ഒന്നാക്കിയ രണ്ട് കുടുംബങ്ങളിലെ ആ മക്കൾക്കും , മരുമക്കൾക്കും , പേരക്കുട്ടികൾക്കും ഒരു  ലാൽ സലാം... ഇതെല്ലാം എന്നെ എഴുതിയിടുവാൻ  അനുവദിച്ചതിനും കൂടിയാണിത് കേട്ടൊ എ ബിഗ് ഹാറ്റ്സ് ഓഫ് ...! ഏവർക്കും പ്രണയാശംസകൾ ... താങ്ക്യു വെരി മച് ...ബയ്. ബൈ

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

3.jpg

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.