User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

സാധുബീഡിയുടെ മണവും കട്ടൻ ചായയുടെ നിറവുമാണ് അച്ഛന്റെ ഓർമകൾക്ക് . 11 ആം വയസു വരെ ചുവരിലെ ഫ്രെയിം ചെയ്ത ഫോട്ടോ മാത്രമായിരുന്നു അച്ഛൻ . വർഷത്തിൽ ഒരിക്കലോ മറ്റോ കിട്ടുന്ന എഴുത്തും കൂട്ടുകാർ വഴി ദുബായിൽ നിന്നും എത്തുന്ന ചില  പാർസലുകളും. എങ്കിലും അച്ഛൻ എന്ത് ചെയ്യുന്നു   ചോദിക്കുന്നവരോടൊക്കെ ദുബായിലാണ് എന്ന് പറയുന്നത് ഗമയായിരുന്നു . 

ഓര്മ വെച്ച നാൾ മുതൽ 'അടുത്ത വര്ഷം, അടുത്ത വര്ഷം'  എന്ന് ഗണപതിക്കല്യാണം പോലെ നീണ്ട ആ വരവ് ഒരു ദിവസം സംഭവിച്ചു..ആറാം ക്ലാസ്സിലായിരുന്നു എന്നാണ് ഓര്മ .ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള അച്ഛനെ ആദ്യമായി കണ്ടപ്പോൾ ആകെപ്പാടെ ഒരു ജാള്യതയായിരുന്നു .അടുത്ത് പോവാനോ മിണ്ടാനോ  ഒക്കെ ഒരു ചമ്മൽ... "അച്ഛാ”എന്ന് വിളിക്കുന്നതിലെ ' അപാകത' കസിന്സിനൊക്കെ തമാശയായിരുന്നു... പോകെ പോകെ അകൽച്ചയുടെ മഞ്ഞുരുകി കൂട്ടായി തുടങ്ങി .

 രണ്ടു വയസു മുതൽ 11 വയസു വരെ നല്കാൻ  കഴിയാതിരുന്ന സ്നേഹവും കരുതലും നികത്തുകയായിരുന്നു പിന്നീട്. ഒരു പാട് സംസാരിക്കുന്ന തമാശ പറയുന്ന മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന അച്ഛനെങ്ങനെ ഇത്രയും നാൾ ആരോരുമില്ലാതെ ജീവിക്കാൻ സാധിച്ചു  എന്ന് ആലോചിച്ചിട്ടുണ്ട്.

 ആകെ തമ്മിൽ 'കശപിശ 'ഉണ്ടായിരുന്നത്  പുകവലിയുടെ കാര്യത്തിനായിരുന്നു . എപ്പോഴും മുണ്ടിന്റെ  കോന്തലയിൽ ഒരു കെട്ടും ,കയ്യിൽ ചില്ലുഗ്ലാസ്സിൽ കടും ചായയും . ആ കെട്ട് മുഴുവനും പിന്നെ 5 -6 കട്ടൻ ചായയും ആയിരുന്നു പതിവ്. ഉള്ള അറിവ് വെച്ച് 'അച്ഛാ അതിത്തിരി കുറക്കണം 'എന്ന് പറയുമ്പോൾ "ഓ ,എനിക്കൊന്നും വരില്ല  ഇത് കൊണ്ട് ഞാനങ്ങു ചത്ത് പോവാണേൽ പോവട്ടെ " ന്നാണ് പറയാറ്. 

ഒരു വർഷത്തിലധികം നാട്ടിൽ നിന്ന് ഏഴാം ക്ലാസ് കഴിയുമ്പോഴേക്കും വീണ്ടും പോവാറായി. ഇത്തവണ പോകുമ്പോൾ ഉടൻവീണ്ടും വരും എന്ന പ്രതീക്ഷയുണ്ടായിരുന്നു . ടെലെഫോണൊക്കെ വന്ന സമയം ; അപൂർവമായി മാത്രം വന്നിരുന്ന ചില വിളികൾ. ദുബായ് ജീവിതം മതിയാക്കി വരാൻ കേണു പറഞ്‌  , പിന്നെയും നാലു വർഷമെടുത്തു തിരിച്ചെത്താൻ. 

ഇപ്രാവശ്യം വന്നത് പഴയതിലും ഏറെ ക്ഷീണിച്ചാണ്‌. പനിയായിരുന്നത്രെ അതിനാൽ പെട്ടെന്നൊരു വരവായിരുന്നു .അത് കൊണ്ട് നാട്ടിൽ തന്നെ നിൽക്കാം എന്ന് ഉറച്ചു വന്നതാണ്. എന്തൊകൊണ്ടോ സന്തോഷം തോന്നി. ഇനിയെപ്പോഴും കൂടെയുണ്ടാവുമല്ലോ..

 ആദ്യം വന്നപ്പോൾ കുന്നിക്കുരു പെറുക്കാനും പരല്മീന് പിടിക്കാനും കൂടെ കൂടിയിരുന്ന അച്ഛൻ

ഇപ്രാവശ്യം സംസാരിച്ചത് പഠിത്തത്തെ കുറിച്ചാണ് .എന്നെഎംബിഎ ക്കാരിയാക്കണം എന്നായിരുന്നുത്രെ  ആഗ്രഹം. (എം.എ , ബി.എ ഒക്കെ കേട്ടിട്ടുണ്ടെങ്കിലും എംബിഎ എന്ന് ആദ്യമായിട്ട് കേട്ടത് അന്നാണ് ).

കൃത്യമായി ഒരു ഗൈഡൻസ് മറ്റെവിടെനിന്നും കിട്ടാത്തത് കൊണ്ടോ മറ്റൊരു പദ്ധതിയും ഇല്ലാത്തതു കൊണ്ടോ, എന്തോ ആ മൂന്നക്ഷരം ഉള്ളിൽ പതിഞ്ഞു.

 അങ്ങനെ ഡിഗ്രി പഠനത്തിന് രാജപുരം ചേർത്ത് ഹോസ്റ്റലിൽ ആക്കി പോയി.കുറച്ചു മാസങ്ങൾ കഴിഞ്ഞൊരു ദിവസം  ഹോസ്റ്റലിലേക്ക് അമ്മ  വിളിച്ചു പറഞ്ഞു അച്ഛൻ അടുത്ത  ദിവസം തന്നെ തിരിച്ചു പോവാണെന്ന് !!ഇത്തവണ പുതിയ ജോലിയും മെച്ചപ്പെട്ട ശമ്പളവും ഒക്കെയായിരുന്നത്രെ . പറയാതെ പോയതിൽ തെല്ലു വിഷമമുണ്ടായെങ്കിലും പ്രതീക്ഷയോടെ തന്നെ പഠിത്തത്തിലേക്കു ശ്രദ്ധ തിരിച്ചു. 

 വീണ്ടും രണ്ടു മാസം കഴിഞ്ഞപ്പപ്പോഴാണ് അപ്രതീക്ഷിതയൊരു കാൾ ഹോസ്റ്റലിലേക്ക് . എത്രയും പെട്ടെന്ന് വീട്ടിൽ ചെല്ലാൻ . ഉള്ളിൽ സ്വാഭാവികമായുണ്ടായിരുന്ന ഭീതിയോടെ തന്നെ വീട്ടിലെത്തിയപ്പോഴാണ് ആൾക്കൂട്ടവും , നടുമുറിയിൽ വീണു കരയുന്ന അമ്മയെയും അച്ഛമ്മയെയും എല്ലാവരെയും കാണുന്നത്‌ .  

 ആരോ പറയുന്നത് കേട്ടു , സ്വയം ജീവിതംഅവസാനിപ്പിച്ചു എന്ന് . കുടുംബത്തിൽ ഒരാൾ ആത്മഹത്യ ചെയ്തപ്പോൾ 'അത് ചെയ്യുന്നവരെ വീണ്ടും തല്ലികൊല്ലണമെന്ന് ' പറഞ്ഞ  , വാക്ക് കൊണ്ട് പോലും ഒരാളെയും നോവിക്കാത്ത , എന്നും ശുഭാപ്തിവിശവാസത്തോടെ മാത്രം സംസാരിച്ചിരുന്ന അച്ഛന് എന്താണങ്ങനെ തോന്നാൻ ?  അമ്മ ,ഭാര്യ , മക്കൾ , കുടുംബം , സ്വത്ത് , എല്ലാം ഉണ്ടായിട്ടും !!

 ജീവിതത്തോട് യുദ്ധം  വയ്യാഞ്ഞിട്ടാവും ; താൽക്കാലിക വിഷാദത്തിന്,അടിപ്പെട്ടതായിരിക്കാം ,അതുമല്ലെങ്കിൽ വെറും നൈമിഷികമായിരുന്നതോന്നലായിരുന്നിരിക്കാം .

യാത്ര പറയാതെ പോയ അച്ഛനെ   കാണാൻ  ഇടമുറിയാത്ത മഴയിലും കണ്ണീരിലും കാത്തിരുന്നത് വീണ്ടും രണ്ടാഴ്ചയോളം .

ഏറെ ഇഷ്ടമുള്ളവരുടെ സ്വപ്നത്തിലാണത്രെ വിട്ടുപിപിരിഞ്ഞവർ  വരിക !!വരാറുണ്ട് , സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്  പേരക്കുട്ടികളോടൊത്തു കളിക്കാറുണ്ട്   . 

ഒന്ന് ചോദിക്കുമ്പോൾ മാത്രമാണ് പിടി തരാതെ തിരിഞ്ഞു നടക്കുക. "എന്തിനത് ചെയ്തു?" എന്ന് !!

മരണമില്ലാത്ത ഓർമകളുടെ, അതിജീവനത്തിന്റെ , 17 വർഷങ്ങൾ!!