User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

ഇന്ന് രണ്ടു പഴയ കൂട്ടുകാർ വിളിച്ചിരുന്നു. ഒരാൾ അഞ്ചാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ ഒപ്പം പഠിച്ചിരുന്ന രഘുചന്ദ്രൻ പിള്ള. മറ്റേത് പ്രീഡിഗ്രിക്ക് ഒപ്പം പഠിച്ചിരുന്ന വിമലാകുമാരി. രഘു എന്നേക്കാൾ രണ്ടു വയസ് കൂടുതലുള്ളവനാണ്. രണ്ടാൺമക്കൾ. മൂത്തവന് ബിസിനസ്. അവൻ കല്യാണം കഴിച്ച്, വീട് വച്ച് സസുഖം. രണ്ടാമൻ ഷെയർ മാർക്കറ്റ് രംഗത്ത്. വീടുപണി നടക്കുന്നു.

28 കൊല്ലം ഗൾഫുനാടുകളിൽ പണി ചെയ്ത് നേടിയതിൽ സിംഹഭാഗവും അവൻ മക്കളുടെ നിർബന്ധ പ്രകാരം അവർക്ക് കൊടുത്തു. അതാണ് മക്കളുടെ ഇന്നത്തെ ജീവിതത്തിന്റെ കാപ്പിറ്റൽ. കൂട്ടത്തിൽ ഒരോഹരി വാശി പിടിച്ച ഭാര്യ സ്വന്തം പേരിലാക്കി. അഞ്ചു സെൻറും അതിലൊരു ചെറിയ വീടും മാത്രമാണ് അയാളുടെ പേരിൽ ഇന്നുള്ളത്. അത് വിറ്റ് പണം കൊടുക്കണമെന്ന് മക്കൾ പിന്നെയും നിർബന്ധിക്കുന്നു. ഭാര്യ മക്കളുടെ പക്ഷത്തും. 
"അവരെന്നെ കൊല്ലുമെടാ..."
എന്നു പറഞ്ഞവൻ വിതുമ്പിയപ്പോൾ ഞാൻ മൗനം പൂണ്ടു.......

വിമലാകുമാരി പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ ഉടനെ കല്യാണം കഴിഞ്ഞ് ഭർത്താവിനോടൊപ്പം വിദേശത്തെത്തി. രണ്ടു മക്കൾ. സ്വന്തം വീട്ടിലെ മൂത്തവളാണ് വിമല. അവൾക്കു താഴെ രണ്ട് അനിയത്തിമാരും രണ്ടു അനിയന്മാരും. എല്ലാവരും വെൽ സെറ്റിൽഡ്. പൊതുവേ സമ്പന്നരായിരുന്നു വിമലയുടെ കുടുംബക്കാർ. കല്യാണം അവളെ സംബന്ധിച്ച് മാതാ പിതാക്കളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ കിട്ടിയ വഴി മാത്രമായിരുന്നു. രണ്ടു കുട്ടികൾ ഉണ്ടായതിൽ പിന്നെയാണ് ജീവിതം തുടരാൻ അവൾക്ക് തോന്നിയതത്രേ!

ആടിന് പ്ലാവില കുത്തുന്ന കമ്പി കൊണ്ട് അവളുടെ അച്ഛൻ അവളെ അടിക്കുമായിരുന്നത്രേ! അവൾക്ക് ഇരുപത് വയസ് കഴിഞ്ഞിട്ടും അത് തുടർന്നു പോന്നു. സ്വന്തം അമ്മ അവളെ ഒരു ജോലിക്കാരിയെ പോലെ മാത്രമേ കണ്ടുള്ളൂ.....

ഒരു രാത്രിയിൽ താനനുഭവിച്ച പീഢനങ്ങൾ അവൾ ഭർത്താവിനോട് പറഞ്ഞു.
" നിന്നെയൊക്കെ അങ്ങനെ തച്ചു വളർത്തിയില്ലാരുന്നേൽ നീയൊക്കെ വഴി തെറ്റി പോയേനെ.. "
ആ മറുപടിയോടെ ജീവിതം എന്ന വാക്കിന്റെ അർത്ഥം വിമലക്ക് തെറ്റി....
അവൾ ഒരു ഫുൾ ടൈം ജോലി കണ്ടെത്തി. ശുഷ്കാന്തിയോടെ അതിൽ ശ്രദ്ധ വച്ചു.
ജോലി കഴിഞ്ഞു വന്നാൽ ഭർത്താവിനും മക്കൾക്കും വെവ്വേറെ ആഹാരം ഉണ്ടാക്കുക അവരുടെ തുണി അലക്കി തേയ്ക്കുക.......

ഇന്നും അച്ഛനും അമ്മയും കൊച്ചു നാളിലെ പോലെ അവളെ നോവിക്കുന്നു (മാനസികമായി) ..

സ്വന്തമായി ജോലിയെടുത്ത് സമ്പാദിച്ച ഒരു വലിയ തുക അവളുടെ പക്കൽ ഉണ്ടെന്നവൾ പറയുന്നു.

"ഞാനാർക്ക് വേണ്ടിയാടാ ജീവിക്കുന്നത്?''
വിമല ചോദിച്ചു.
ഇത് മറ്റൊരു തരത്തിൽ രഘുവും ചോദിച്ചു.
" അവർക്ക് വേണ്ടിയല്ലേടാ ഞാൻ ജീവിച്ചത് ?"
" നിനക്ക് വേണ്ടി കൂടി നീ ജീവിച്ചില്ല. അതാ പറ്റിയത്.. ഇനിയും വൈകിയിട്ടില്ല... സ്വയം സ്നേഹിക്കാൻ തുടങ്ങുക "
രണ്ടു പേർക്കും ഒരൊറ്റ വാക്യം തന്നെ മറുപടിയായി.
ഞാനൊരു തത്വജ്ഞാനിയുടെ മട്ടിൽ പറഞ്ഞതാണ്.

രണ്ടു പേരും എന്നോട് ചോദിച്ചു.
"എടാ... നിന്റെ ലൈഫ് ഹാപ്പിയല്ലേ?''
'' പിന്നല്ലേ...."
"സത്യം?"

ഞാൻ ചിരിച്ചു. നുണയല്ല. അതു കൊണ്ടല്ലേ ജോലി കഴിഞ്ഞ് വീടെത്തി നേരേ കിടക്കയിലേക്ക് പോകാതെ ഈ വെളുപ്പാൻ കാലത്ത് ഇവിടെ ഇതെഴുതി പിടിപ്പിക്കുന്നത്.

ഇനിയാണ് ഇതിലെ പ്രധാന ഭാഗം. 
ക്രിസ്റ്റഫർ ഫ്രാങ്ക്ളിൻ എന്ന സഹ പ്രവർത്തകനോട് ഞാനീ ജീവിത കഥകൾ വിസ്തരിച്ചു പറഞ്ഞു. കരീബിയൻ വംശജനാണ് അവൻ. വിൻഡ്റഷ് ജനറേഷനെ സംബന്ധിച്ചും ആ വിഷയത്തിന് ഇപ്പോൾ കൈവന്നിരിക്കുന്ന പ്രാധാന്യത്തെക്കുറിച്ചും വിശദമായി സംസാരിക്കവേ "ക്വാളിറ്റി ഓഫ് ലൈഫ് വൺ ലിവ് സ്" എന്നതിന്മേൽ ചർച്ച ഉടക്കി നിന്നു. അടുത്തിടെ നടന്ന ചില മരണങ്ങളെ (ആത്മഹത്യയടക്കം) സംബന്ധിച്ചും മറ്റും പറയവേ " ഹൗ യൂ ചൂസ് റ്റു ലിവ് " എന്നതിന്മേൽ ക്രിസ് മധുരമുള്ള വാചാലത കൈവരിച്ചു. അതിനോടനുബന്ധിച്ചാണ് ഞാനെന്റെ പഴയ കൂട്ടുകാരുടെ കഥ പറഞ്ഞത്.
ക്രിസ് പറഞ്ഞ മറുപടി എന്നെ ഇപ്പോഴും ചിന്തിപ്പിക്കുന്നു.
" ടെൽ ദെം ഫക്കോഫ് മേറ്റ്. ഐ ഹേറ്റ് ദോസ് ഫക്കിംഗ് ഇഡിയറ്റ്സ് ഹു ഫർഗെറ്റ് ടു ലവ് ദെം സെൽവ്സ്. ഫക്കോഫ്... മേറ്റ് "