User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

മഴയെ പറ്റി ആരാണെഴുതിയതു. നിറപ്പകിട്ടുള്ള കുടകളെ പറ്റിയും ?

സ്‌കൂളിൽ പോകുന്ന കാലത്ത് എനിക്ക് മഴ ഒരു പേടിസ്വപ്നം ആയിരുന്നു. രണ്ട് മൈൽ നടക്കണം സ്‌കൂളിലേക്ക്. പ്രൈമറി സ്‌കൂൾ ഏലൂർ എഫ് എ സി റ്റി യുടെ സമീപമുണ്ടായിരുന്ന ഒരു സർക്കാർ സ്‌കൂൾ ആയിരുന്നു. എളുപ്പം സ്‌കൂളിൽ എത്തണമെങ്കിൽ പാടവരന്പിലൂടെ പോകണം. മഴക്കാലത്ത് വരന്പിലൂടെ നടക്കാൻ

കഴിയില്ല. തലകുത്തി ചെളി വെള്ളത്തിൽ വീഴും. ആകെ ഉണ്ടായിരുന്ന ഒരു മുണ്ടും ഷർട്ടും അഴുക്കായാൽ കഥ കഴിഞ്ഞു. ക്ലാസ്സ് മുടങ്ങുന്നത് എനിക്ക് അസഹ്യമായിരുന്നു. ദാഹിച്ചു ദാഹിച്ചു പഠിക്കാൻ പോയതാണ്. എന്തെങ്കിലും വായിക്കണം അതായിരുന്നു ആഗ്രഹം. മലവെള്ളക്കാലത്ത് പാടം ഒരു പുഴയായി മാറും. പിന്നെ എളുപ്പവഴി ഉപേക്ഷിച്ചു പാതാളം വഴി പോകണം. ദുരം കൂടുതൽ ഉണ്ട്. ടാറിടാത്ത വഴി. അതിലൂടെ എഫ് ഇ സി റ്റി വക കാറുകളും ലോറികളും പോകും. ഡ്രൈവർ മാർ കരുതിക്കൂട്ടി ആണെന്ന് തോന്നുന്നു ഞങ്ങളുടെ മേൽ ചെളിവെള്ളം തെറിപ്പിച്ചു പാഞ്ഞുപോകുമായിരുന്നു.

അന്ന് ഒരു കുടയില്ലായിരുന്നു. ഒരു ഓലകൊണ്ട് മേഞ്ഞ തൊപ്പിക്കുട ഒരിക്കൽ കുട ചോദിച്ചപ്പോൾ വല്ലിക്ക വാങ്ങി തന്നു. പൈസയില്ലാഞ്ഞിട്ടാണ് അങ്ങനെ ചെയ്തത്. അത് തലയിൽ വെച്ച് സ്‌കൂളിൽ പോകാൻ അഭിമാനം അനുവദിച്ചില്ല! ഞാൻ അന്നും ഒരു ദുരഭിമാനിയായിരുന്നു. ഇന്നും അത് മാറിയിട്ടില്ല!

മഴപെയ്യുന്പോൾ വാഴയില വെട്ടി ചൂടി പോകും സ്‌കൂളിലേക്ക്. അന്നൊക്കെ ആ വഴി ഞങ്ങൾ കുറെ പാവപ്പെട്ട കുട്ടികൾ മാത്രമേ കാണു . അധികം ആളുകൾ ഉള്ളിടത്ത് എത്തുന്പോൾ ആ വാഴയില ദുരെ ഏറിയും. അന്നൊക്കെ എത്ര പ്രാർത്തിച്ചിട്ടുണ്ട് മഴ കാലത്തും വൈകുന്നേരവുതിം പെയ്യാതിരിക്കാൻ. അതൊന്നും ഫലിച്ചില്ല . മഴയ്ക്ക് തോന്നുന്പോൾ പെയ്യും. അല്ലെങ്കിൽ പെയ്യില്ല.

കാലം എത്ര കഴിഞ്ഞു. വെള്ളം എത്രഈ പാലത്തിന്നടിയിലൂടെ ഒഴുകി. ‌ 

ഓരോ യാത്രകളെ പറ്റിയും എന്തെങ്കിലും ഞാൻ കുറിച്ചിടുന്പോൾ പലരും പറയും : " താങ്കൾ എന്ത് ഭാഗ്യവാൻ" എന്ന്. ഭാഗ്യമായിരുന്നില്ല. ഒരു സ്വപ്നത്തിന്റെ പിറകെയുള്ള പാച്ചിലായിരുന്നു. കഷ്ടപ്പെട്ട് ഉള്ള അദ്ധ്വാനം ആയിരുന്നു. ആരും ഒന്നും വെറുതെ തരില്ല. പ്രയത്നിക്കണം. ജീവിതത്തിൽ ഒരു ലക്‌ഷ്യം ഉണ്ടെങ്കിൽ അതിനു വേണ്ടി പ്രയത്നിച്ചാൽ അവിടെ എത്തിച്ചേരും. ആ വിശ്വാസം വേണം. ആരോടും ഒരിക്കലും അസൂയ തോന്നിയിട്ടില്ല. ഉള്ളവരോട് കുശുന്പോ ഇല്ലാത്തവരോട് പുച്ഛമോ തോന്നിയിട്ടില്ല. ഒരിക്കൽ ഒന്നും ഇല്ലായിരുന്നു. പിന്നെ എല്ലാം വന്നു . ഞാൻ ഞാൻ തന്നെ ആയി തല ഉയർത്തി നിന്ന്. അന്നും ഇന്നും.