User Rating: 3 / 5

Star ActiveStar ActiveStar ActiveStar InactiveStar Inactive
 

"ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ....." യാത്രകൾ ഏറെ ഇഷ്ടമാണ് , പ്രത്യേകിച്ചും ട്രെയിൻ യാത്രകൾ. ലണ്ടനിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതേ ഇത്തിരി ഭീതിയോടെയാണ്. ഏതു വഴിയിലൂടെ നടന്നാലും കണ്ണുകൾ കൊണ്ട് നാലുപാടും പ്രദക്ഷിണം വെച്ച് കൊണ്ട് കഴിയുന്നതും ഒതുങ്ങി ഒക്കെ നടക്കുകയാണ് പുതിയ ശീലം . ഓവർ ബ്രിഡ്ജ് ഒക്കെയാണേൽ പറയുകയും വേണ്ട , ബ്രിഡ്ജിലൂടെ നടക്കുമ്പോൾ രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചു കൊണ്ട് ഇടിച്ചിടുകയാണല്ലോ ഇപ്പഴത്തെ രീതി. തട്ടമിട്ടു നടന്നാൽ രക്ഷയുണ്ടാവുമെന്നു കരുതി ആ വഴിക്കും ആലോചിക്കാതിരുന്നില്ല, അപ്പൊഴാണ് , അടുത്തത്, തട്ടമിട്ടവരെ തെരഞ്ഞു പിടിച്ചു കൊല്ലാൻ വേറൊരു ടീം. എന്തായാലും രക്ഷയില്ല,നമ്മൾ നമ്മളായിത്തന്നെ നടക്കയല്ലാതെ. ഏതു നിമിഷവും കത്തിയോ ബോംബോ അസിഡോ ഒക്കെയായി ഉള്ളിൽ ഒരു ഭീതി നിറക്കാറുണ്ട്,ഓരോ യാത്രയും. ട്രെയിനിൽ അധികമൊന്നും യാത്ര ആവശ്യമില്ലെങ്കിലും വല്ലപ്പോഴും ജോലി സംബന്ധമായി ട്യൂബിൽ (underground train) പോവാറുണ്ട്. വല്ലപ്പോഴും മാത്രം ആയതു കൊണ്ട് തന്നെയാകണം ഇത്തരം ആധികൾ ഉണ്ടാകുന്നതും.. ഈസ്റ്റ് ഹാമിൽ നിന്നും കാനറി വാർഫിലേക്കുള്ള യാത്രയാണ് , ട്രെയിനിൽ കേറിയപ്പോ തന്നെ തന്നെ രണ്ടു പോലീസ് കാരുടെ അടുത്തായി സ്ഥാനം പിടിച്ചു. സീറ്റ് കിട്ടിയാൽ പ്രധാന ജോലി എല്ലാ യാത്രക്കാരെയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്, പ്രത്യേകിച്ചും കയ്യിൽ വലിയ പൊതിയോ ബാഗോ ഒക്കെ ഉള്ളവരെ ;അങ്ങനെയെങ്കിൽ ഇത്തിരി അകലം പാലിക്കണമല്ലോ!! മൊബൈലിൽ കുത്തി കളിക്കുന്നവർ, kindle അല്ലെങ്കിൽ പുസ്തകം വായിക്കുന്നവർ, വിദൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്നവർ അങ്ങനെ പല വിഭാഗം ആൾക്കാർ.അതിനിടയിൽ നല്ല കൊല്ലം ഭാഷയിൽ നാട്ടിലേക്കു വിളിച്ചു പൈസയുണ്ടാക്കുന്ന കഷ്ടപ്പാട് വിവരിക്കുന്ന ഒരു ചേട്ടൻ. സ്ഥലകാലബോധമില്ലാത്ത അയാൾ ആവലാതികൾപറഞ്ഞുകൊണ്ടേയിരുന്നു...മുമ്പിലിരിക്കുന്ന ബംഗാളി പെൺകുട്ടിയുടെ മുഖത്തെ പുട്ടിയുടെ കനംഅളന്നു, ചേട്ടന്റെ കഥയും കേട്ട് ഞാനുമിരുന്നു.. വെസ്റ്റ് ഹാമിൽ ട്രെയിൻ മാറികയറി , ഇപ്പോൾ എസ്കോർട്ടും കൂട്ടും ഒന്നുമില്ല . ഏഷ്യാക്കാരൊന്നും തന്നെയില്ല !! വിരലിലെണ്ണാവുന്നവർ മാത്രം കംപാർട്മെമെന്റിൽ....... "ഹേയ് എന്ത് പേടിക്കാൻ , അങ്ങനെ പേടിച്ചാ ജീവിക്കാൻ പറ്റുമോ "? എന്ന് സ്വയം ചോദിച് മൊബൈലിൽ നെറ്റ്‌ ഇല്ലാതിരിക്കുമ്പോഴുള്ള അവസാനത്തെ ആശ്രയമായ ഗാലറി യിൽ വിരലോടിച്ചു കൊണ്ടിരുന്നു. അടുത്ത സ്റ്റോപ്പെത്തിയപ്പോൾ അതാ ഒരാൾ കയറി വരുന്നു, ഒറ്റ നോട്ടത്തിൽ നമ്മടെ ബിൻ ലാദന്റെ രൂപം . വെളുത്ത ഗന്ദൂറയും തലേക്കെട്ടും ഒക്കെയുണ്ട് ഒരൊറ്റ വ്യത്യാസം ; മീശയില്ല !!! അപ്പൊ ഉറപ്പിച്ചു .. അതെ,ഇതു അത് തന്നെ ..കയ്യിൽ വലിയ ബാഗും ഉണ്ട് ..നേരെ എതിര്വശത്തായ് അയാളിരുന്നു . 'ഞാനൊന്നു നോക്കി അയാളെന്നെയും നോക്കി " .. 72 ഹൂറിമാർക്കും മദ്യപ്പുഴക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പ്‌ അയാളുടെ കണ്ണിൽ നിന്നും ഞാൻ വായിച്ചെടുത്തു ..നിമിഷ നേരം കൊണ്ട് മാഞ്ചസ്റ്റർ അരീനയും ലണ്ടൻ ബ്രിഡ്ജ് ഉം വെസ്റ്റമിനിസ്റ്ററും ഒക്കെ ഉള്ളിൽ മിന്നി മറഞ്ഞു . ട്രെയിൻ നീങ്ങുകയാണ് ..കാനറി വാർഫ് എത്തുന്നതിനു മിനിറ്റുകൾക്ക് മുമ്പേ ട്രെയിൻ ബ്ലോക്ക് ചെയ്യപ്പെട്ടു . എന്തോ ഇൻവെസ്റ്റിഗേഷൻ ആണത്രേ. ഏകദേശം 15 മിനിറ്റുകൾ കഴിഞ്ഞു ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി .  മൊബൈലിൽ കണ്ണ് നട്ടിരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ അയാളിലായിരുന്നു . എന്തായിരിക്കും അയാളുടെ പ്ലാൻ?? സ്റ്റേഷൻ എത്തുന്നതിനു തൊട്ടു മുമ്പ് അയാളുടെ കൈകൾ ബാഗിലേക്കു നീണ്ടു .. എന്റെ നെഞ്ചിൽ ചിറകടിയൊച്ചകൾ......ഉമിനീർ വറ്റുന്ന പോലെ....അനന്തരം അയാൾ ബാഗിൽ നിന്നും പർപ്പിൾ നിറത്തിലുള്ള ഒരു fruit shoot (അഥവാ കുട്ടികളുടെ ജ്യൂസ് ) ബോട്ടിൽ എടുത്തു കുടിക്കാനാഞ്ഞു ; എന്റെ പരവേശം കണ്ടിട്ടാവണം ചോദിച്ചു.. "Do you wanna have some juice sister?" ഞാൻ മൊഴിഞ്ഞു .. "No , Thanks brother "... ഇരുളടഞ്ഞ എന്റെ മനസ്സിൽ തീവ്രവാദിയായി കയറി വന്ന ആ മനുഷ്യൻ സ്റ്റേഷനിൽ ഇറങ്ങി ഇരുവഴി പിരിഞ്ഞപ്പോൾ എനിക്ക് ദൈവതുല്യൻ !!!!